ഇലന്തൂർ നരബലി കേസിലെ പ്രതികൾക്ക് മറ്റൊരു കൊലപാതകത്തിൽ കൂടി പങ്ക്; അന്വേഷണം നിർണായക ഘട്ടത്തിൽ
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതികൾക്ക് മറ്റൊരു കൊലപാതകത്തിൽ കൂടി പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പോലീസ്. കാലടി സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് പ്രതികളുടെ പങ്ക് പോലീസ് സംശയിക്കുന്നത്.
അതേസമയം ഈ കേസിൽ 12 ദിവസം പോലീസ് കസ്റ്റഡിയിൽ വിടാനുള്ള ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് ബോധപൂർവ്വം മെനഞ്ഞുണ്ടാക്കുന്ന കള്ളക്കഥകൾക്ക് തെളിവുകൾ സൃഷ്ടിക്കുന്നതിനു വേണ്ടി ശാരീരികമായി ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നു പ്രതികളും ഹർജി നൽകിയിരിക്കുന്നത്. മാത്രമല്ല അന്വേഷണ സംഘം നൽകിയ വാസ്തവ വിരുദ്ധമായ വിവരങ്ങൾ തെളിവായി സ്വീകരിച്ചും ഇതിന് പിന്നിലുള്ള യഥാർത്ഥ വസ്തുത എന്താണെന്ന് വ്യക്തമായി പരിശോധിക്കാതെയുമാണ് കോടതി തങ്ങളെ പോലീസ് കസ്റ്റഡിയിൽ വിട്ടതെന്നും ഇവർ ഹർജിയിൽ പറയുന്നു.
പ്രതികളുടെയും സാക്ഷികളുടെയും വെളിപ്പെടുത്തലുകളെ കൂടാതെ കള്ളക്കഥകളും മാധ്യമങ്ങൾക്ക് നൽകുകയാണ് പോലീസ്. പ്രതികളെ നിർബന്ധിച്ചു കസ്റ്റഡിയിൽ വാങ്ങി കുറ്റം സമ്മതിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം സമർപ്പിച്ച ഹർജിയിൽ പറയുന്നു. അതുകൊണ്ട് കീഴ്കോടതിയുടെ വിധി നിയമ വിരുദ്ധമാണെന്നും ഇത് റദ്ദാക്കി ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതിഭാഗം വക്കീൽ ഹൈക്കോടതിയിൽ ധരിപ്പിച്ചിരിക്കുന്നത്.
അതേസമയം ഇലന്തൂർ മരബലി കേസുമായി ബന്ധപ്പെട്ട് ഷാഫി ഉപയോഗിച്ചിരുന്ന ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടിയുള്ള പരിശോധനയിലാണ് പോലീസ്. പലരുമായും ഈ അക്കൗണ്ട് ഉപയോഗിച്ച് ഷാഫി ചാറ്റ് ചെയ്തിട്ടുണ്ട് എന്നു മാത്രമല്ല മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഷാഫി ജയിലിൽ കഴിയുമ്പോൾ ഈ അക്കൗണ്ട് ഉപയോഗിക്കപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.