ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും; റെക്കോർഡ് സ്വന്തമാക്കാൻ 11 ദിവസം ഉറങ്ങാതിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് പറ്റിയത്
സ്കൂളിലെ സയൻസ് പ്രോജക്റ്റിന്റെ ഭാഗമായി ആണ് 17 കാരനായ റാൻഡി ഗാർഡനും ബ്രൂസ് മാക്ക് അലിസ്റ്ററും അതി സാഹസികമായ ഒരു പരീക്ഷണത്തിന് മുതിർന്നത് . അതിനു മുൻപ് ഉറങ്ങാതിരുന്നതിനുള്ള റെക്കോർഡ് 260 മണിക്കൂറായിരുന്നു. ഇത് തകർക്കുക എന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. ഒപ്പം ഉറക്കമില്ലായ്മ മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കുക എന്നതും ഇവര് ലക്ഷ്യം വച്ചിരുന്നു.
എന്നാൽ ഉറക്കം നഷ്ടപ്പെട്ട് മൂന്നു ദിവസം കഴിഞ്ഞതോടെ ഇരുവർക്കും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങി. ഇരുവർക്കും വിഷാദവും ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥയും ഓർമ്മക്കുറവും ഉണ്ടാകാൻ തുടങ്ങി. മാത്രമല്ല പ്രശ്ന പരിഹാരത്തിനുള്ള കഴിവും ചിന്താശക്തിയും ഡൗൺ ആവുകയും ചെയ്തു. പക്ഷേ എന്നിട്ടും അവർ ആ ഉദ്യമത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. തുടര്ച്ചയായി 264 മണിക്കൂറാണ് ഇരുവരും ഉറങ്ങാതെ പിടിച്ചു നിന്നത്.
പിന്നീട് ഇവരുടെ തലച്ചോർ വിശദമായി പരിശോധിച്ച ഗവേഷകർ ഇവരുടെ തലച്ചോറിലെ ചില ഭാഗങ്ങൾ ഉണർന്നും ചില ഭാഗങ്ങൾ ഉറങ്ങിയതായും കണ്ടെത്തി . ഈ പരീക്ഷണത്തിന് ശേഷം തുടർച്ചയായി 18 മണിക്കൂറോളംഉറങ്ങിയതിന് ശേഷമാണ് ഇവര് തങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നത് . എന്നാൽ ഈ പരീക്ഷണം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് ഉറക്കമില്ലായ്മ ഒരു വലിയ പ്രശ്നമായി തന്നെ നിലനിൽക്കുകയാണ്. 1963ലാണ് ഇവർ ഇത്തരം ഒരു പരീക്ഷണത്തിന് മുതിർന്നത്. 50 വർഷം മുൻപ് ചെയ്ത ഒരു കാര്യത്തിന് ഇപ്പോഴും ഇരുവരും പല ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്.