നാലു വെടിയുണ്ടകളുമായി ആറുമാസം; ഒടുവിൽ തലച്ചോറിൽ നിന്ന് തുളഞ്ഞു കയറിയ വെടിയുണ്ടകൾ അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു; യുവാവ് സാധാരണ ജീവിതത്തിലേക്ക്

തലച്ചോറിൽ  തുളഞ്ഞു കയറിയ  വെടിയുണ്ടകളുമായി ജീവിതം തള്ളിനീക്കിയ ഇടുക്കി മൂലമറ്റം സ്വദേശി പ്രദീപ്കുമാർ എന്ന 32 കാരൻ അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു. സൺറൈസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ നിന്നും ഇയാളുടെ തലച്ചോറിൽ തറഞ്ഞ 4 വെടിയുണ്ടകൾ പുറത്തെടുത്തു. നീണ്ട ആറു മാസത്തിനു ശേഷമാണ് പ്രദീപ്കുമാറിന്റെ തലയിൽ നിന്നും വെടിയുണ്ടകൾ നീക്കം ചെയ്യുന്നത്. ശസ്ത്രക്രിയ നടക്കുന്ന മുഴുവൻ സമയവും ഡോക്ടർമാർ പ്രദീപ്കുമാറുമായി സംസാരിച്ചു കൊണ്ടിരുന്നു. തലച്ചോറിൽ ഉണ്ടാകുന്ന ചെറിയ ക്ഷതം പോലും രോഗിയെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ടാണ് ഡോക്ടർമാർ ശസ്ത്രക്രിയയിൽ ഉടനീളം രോഗിയുമായി സംസാരിച്ചത്.

bullet operated 1
നാലു വെടിയുണ്ടകളുമായി ആറുമാസം; ഒടുവിൽ തലച്ചോറിൽ നിന്ന് തുളഞ്ഞു കയറിയ വെടിയുണ്ടകൾ അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു; യുവാവ് സാധാരണ ജീവിതത്തിലേക്ക് 1

 സുഹൃത്തായ സനലിന്റെ ഒപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് കഴിഞ്ഞ മാർച്ച് 26ന് പ്രദീപിനു മൂലമറ്റത്ത് വച്ച് വെടിയേൽക്കുന്നത്. ഭക്ഷണത്തെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ ഒരു യുവാവ് പെട്ടെന്ന് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് ചുറ്റും നിന്നിരുന്ന ആളുകളുടെ നേർക്ക് വെടി ഉതിർക്കുകയായിരുന്നു. പ്രദീപിന്റെ സുഹൃത്ത് സനൽകുമാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്ക് പറ്റിയ പ്രദീപ്കുമാർ ഓർമ്മശക്തിയും സംസാരശേഷിയും കാഴ്ച ശക്തിയും കുറഞ്ഞ് അബോധാവസ്ഥയിൽ കഴിയുകയായിരുന്നു. ബോധം വന്നപ്പോഴാണ് തലച്ചോറിൽ നാലു വെടി ഉണ്ടകൾ തറഞ്ഞിരുപ്പുണ്ട് എന്ന കാര്യം അറിയുന്നത്.

വെടിയേറ്റതാണെന്ന് ആദ്യം മനസ്സിലായില്ല എന്നും തേനീച്ച കുത്തുന്ന പോലെ ആണ് അപ്പോൾ തോന്നിയതെന്നും പ്രദീപ്കുമാർ പറയുന്നു.  തലച്ചോറിൽ വെടിയുണ്ടകളുമായി ആറുമാസത്തോളം കഴിഞ്ഞുവെന്നത് വിശ്വസിക്കാനാവുന്നില്ല എന്നും പ്രദീപ്കുമാർ പറയുന്നു. ജീവൻ തിരിച്ചു കിട്ടിയതിൽ ആരോടൊക്കെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ലെന്നും പ്രദീപ്കുമാർ പറയുന്നു. അതേസമയം ന്യൂറോ നാവിഗേഷൻ എന്ന സംവിധാനത്തിന് സഹായത്തോടെ വിവിധ ഘട്ടങ്ങളിലൂടെ നടന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞത് ഒരു വലിയ അത്ഭുതമായാണ് കാണുന്നതെന്ന് ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാരായ ജെയിന്‍ ജോർജ്,  ജേക്കബ് ചാക്കോ , പി ജി ഷാജി എന്നിവർ പറയുന്നു. വളരെ സങ്കീർണമായ ശസ്ത്രക്രിയ ആയിരുന്നു ഇതെന്നും സർജറി നടക്കുന്നതിനിടെ ചെറിയ പോറൽ പറ്റിയാൽപ്പോലും കാഴ്ചയും , കേൾവിയും , ഓർമ്മയും പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാൻ ആകാത്ത വിധം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. നിരവധി ആശങ്കകൾക്കിടയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിനുള്ള സന്തോഷവും ഡോക്ടർമാർ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button