55,000 രൂപയുടെ തേക്ക് മുറിക്കാൻ വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് ആവശ്യപ്പെട്ടത് പതിനായിരം രൂപ കൈക്കൂലി; ഒടുവില്‍ കുടുങ്ങി
സ്വന്തം വീട്ടു വളപ്പിൽ ഉള്ള തേക്ക് മുറിക്കുന്നതിന് പതിനായിരം രൂപ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥന്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് പിടിയിലായി. തൃശ്ശൂർ കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്കും ഓഫീസ് ഇന്‍ ചാര്‍ജുമായ വേലൂർ എടക്കളത്തൂർ വീട്ടിൽ ചന്ദ്രനെയാണ് ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. ചിറ്റണ്ട വില്ലേജ് ഓഫീസർ വകുപ്പ് തല പരിശീലനവുമായി ബന്ധപ്പെട്ട് അവധിയിലായിരുന്നതിനാൽ ചന്ദ്രനായിരുന്നു ഓഫീസ് ഇൻ ചാർജ്.
55,000 രൂപ മൂല്യമുള്ള തേക്ക് ആയിരുന്നു മുറിക്കാൻ ഉണ്ടായിരുന്നത്. കമറുദ്ദീൻ എന്നയാൾ ആയിരുന്നു മരം മുറിക്കുന്നതിന് അനുമതി വേണമെന്ന് കാണിച്ച് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. അതിനായി ചന്ദ്രനെ കണ്ടപ്പോൾ ആദ്യം 2000 രൂപ കൈക്കൂലി വേണമെന്നു പറഞ്ഞു, പിന്നീട് 10000 രൂപ നൽകിയെങ്കിൽ മാത്രമേ തേക്ക് മുറിക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് അറിയിച്ചു. ഇതോടെയാണ് കമറുദ്ദീൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. സ്വന്തം വാഹനത്തിൽ വില്ലേജ് ഓഫീസിൽ എത്തിയ ചന്ദ്രൻ തന്റെ കയ്യിൽ ഗ്ലൗസ് ധരിച്ചു കൊണ്ടാണ് കൈക്കൂലി വാങ്ങിയത്. എന്നാൽ വിജിലൻസ് സമീപത്ത് തന്നെ നിലയുറപ്പിച്ചിരുന്നതിനാൽ സംഭവ സ്ഥലത്ത് വച്ച് തന്നെ വിജിലന്‍സ് സംഘം ചന്ദ്രനെ പിടികൂടി. പൊടി ഇട്ട വിജിലൻസ് നൽകിയ പതിനായിരം രൂപയുടെ നോട്ട് ആണ് കമറുദ്ദീൻ ചന്ദ്രന് നൽകിയത്. പിന്നീട് നടത്തിയ രാസ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇത് കൈക്കൂലി ആണെന്ന് തെളിയുകയും ചെയ്തു