പ്രണയം രാഷ്ട്രീയമാണ്, പ്രണയം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം; നിര്ദേശം മുന്നോട്ട് വച്ച് നടൻ ഹരീഷ് പേരടി
സൈനികനെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നതിന് വേണ്ടി കാമുകനെ അതിക്രൂരമായി ചതിച്ചു കൊലപ്പെടുത്തിയ ഗ്രീഷ്മയെ കുറിച്ചുള്ള വാർത്തകളാണ് ഇന്ന് മാധ്യമങ്ങൾ നിറയെ. നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രതികരണം നടത്തിയത് നടൻ ഹരീഷ് പേരടിയാണ്. സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് രേഖപ്പെടുത്തുന്ന അദ്ദേഹം കണ്ണൂരിലെ വിഷ്ണുപ്രിയയുടെയും പാറശ്ശാലയിലെ ഷാരോണിന്റെയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധേയമായി.
പ്രണയിക്കാൻ അറിയാത്ത ഒരുത്തൻ കാമുകിയെ വെട്ടിക്കൊല്ലുന്നു, പ്രണയിക്കാൻ അറിയാത്ത ഒരുത്തി കാമുകനു വിഷം കൊടുത്തു കൊല്ലുന്നു, അതുകൊണ്ടുതന്നെ പ്രണയം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഹരീഷ് പേരടി കുറിക്കുന്നു. പ്രണയം ഒരു രാഷ്ട്രീയമാണ്. കുട്ടികൾ അത് ശരിയായ രീതിയിൽ പഠിച്ചേ മതിയാകൂ എന്ന് ഹരീഷ് പേരടി ചൂണ്ടിക്കാട്ടുന്നു.
പ്രണയമില്ലാത്തവർക്ക് ഒരിക്കലും നല്ല അയൽപക്കവും , നല്ല സമൂഹവും , നല്ല കുടുംബവും , നല്ല രാഷ്ട്രവും , നല്ല ലോകവും ഉണ്ടാക്കാൻ പറ്റില്ലെന്ന് ഹരീഷ് പേരടി പറയുന്നു. പ്രണയത്തെ പഠിക്കുമ്പോൾ മാത്രമേ ആധുനിക മനുഷ്യനാവാൻ കഴിയുകയുള്ളൂ. ശാസ്ത്രത്തെ മനസ്സിലാക്കുന്നതിന് പോലും പ്രണയം ആവശ്യമാണ്. ഹരീഷ് പേരടിയുടെ അഭിപ്രായത്തിൽ ദൈവവും, ദൈവം ഇല്ലായ്മയും പ്രണയമാണ്. പ്രണയമില്ലാത്ത മനുഷ്യൻ എന്ന ജന്തുവിനു ജീവിക്കാൻ പോലും പറ്റില്ല. എന്ന് കരുതി പ്രണയം ഒരു സ്വകാര്യ സ്വത്തവകാശമല്ല. അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണ്. ഇത് എല്ലാവരും പഠിച്ച മതിയാകൂ. പ്രണയം പഠിക്കാത്തവന് ഒരിക്കലും പ്രണയിക്കാൻ അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.