സ്കൂളിലെ ഫാൻസി ഡ്രസ് പരിപാടിക്കു വേണ്ടി സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച 12 കാരൻ കഴുത്തിൽ കയറു കുരുങ്ങി മരിച്ചു
സ്കൂളിലെ പരിപാടിക്ക് വേണ്ടി സ്വാതന്ത്രസമര സേനാനി ഭഗത് സിങ്ങിന്റെ വധശിക്ഷ വീട്ടിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെ 12കാരന് ദാരുണ അന്ത്യം. ബാംഗ്ലൂർ സ്വദേശിയായ സഞ്ജയ് ഗുപ്ത എന്ന കുട്ടിയാണ് പ്രാക്ടീസ് നടത്തുന്നതിനിടെ കഴുത്തിൽ കയർ മുറുകി മരിച്ചത്. കുട്ടി പ്രാക്ടീസ് ചെയ്യുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നീട് മാതാപിതാക്കൾ എത്തിയപ്പോഴാണ് കുട്ടി മരണപ്പെട്ട കാര്യം അറിയുന്നത്.
സഞ്ചയ് ഗുപ്തയുടെ രക്ഷിതാക്കൾ ആയ നാഗരാജും ഭാഗ്യലക്ഷ്മിയും വീടിനോട് ചേർന്ന് ഹോട്ടൽ നടത്തി വരികയാണ് . ഇരുവരും അന്നേ ദിവസം രാത്രി 9 മണിയോടെ വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് മകനെ ഫാനില്‍ തൂങ്ങി നിൽക്കുന്നത് കാണുന്നത്. വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സ്കൂളിൽ നടക്കാനിരുന്ന രാജ്യോത്സവ ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന സാംസ്കാരിക പരിപാടിക്ക് വേണ്ടി തയ്യാറാക്കിയ നാടകത്തിൽ ഭഗത് സിങ്ങിനെ വേഷം അവതരിപ്പിക്കാൻ ഇരിക്കുകയായിരുന്നു കുട്ടി എന്ന് പിതാവ് പറയുന്നു. ഇതിന്‍റെ ഭാഗമായി പരിശീലിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതേസമയം ഭഗത് സിങ്ങിന്റെ വേഷം ചെയ്യാൻ ഒരു വിദ്യാർത്ഥിയോടും തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് സ്കൂളിലെ പ്രധാന അധ്യാപകൻ പോലീസിനോട് പറഞ്ഞത്. ഫാൻസി ഡ്രസ്സിന്റെ ഭാഗമായി എന്തെങ്കിലും വേഷം കെട്ടി വരണമെന്ന് മാത്രമേ കുട്ടികളോട് തങ്ങള്‍ പറഞ്ഞിരുന്നുള്ളൂ എന്നും പ്രധാന അധ്യാപകന്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.