‘സാർ, മോഷണം മടുത്തു. ഞാൻ അവസാനിപ്പിക്കുകയാണ്’ മാനസാന്തരം സംഭവിച്ച കള്ളൻ പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞു; തൂക്കി അകത്തിട്ട് പോലീസ്
200ലധികം മോഷണ കേസുകളിൽ പ്രതിയായ യുവാവ് പെട്ടെന്ന് ഒരു ദിവസം സ്റ്റേഷനിൽ കയറി വന്ന് , തനിക്ക് മാനസാന്തരം വന്നു മോഷണം നിർത്തുകയാണ് എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും. ഇനി അങ്ങനെ മനസാന്തരം സംഭവിച്ചാൽ പോലും ഒരാളും പോലീസ് സ്റ്റേഷനിൽ വന്ന് അത് പറയാൻ മെനക്കെടില്ല. എന്നാൽ ചെങ്ങന്നൂരിൽ അത്തരമൊരു സംഭവമാണ് നടന്നത്. നിരവധി കേസുകളിൽ പ്രതിയായ യുവാവ് ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫീസിലെത്തി മോഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. എന്നാൽ വളരെ നാളുകളായി പോലീസുകാരുടെ സ്ഥിരം തലവേദനയായിരുന്ന പ്രതിയെ പോലീസ് തൂക്കി അകത്തിട്ടു.
റാന്നി ഇടിയപ്പാറ കള്ളിക്കാവ് വീട്ടിൽ തോമസ് കുര്യാക്കോസ് എന്ന 31 കാരനാണ് ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തി മോഷണം നിർത്തുകയാണെന്ന് അറിയിച്ചത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒരു മാല മോഷണ കേസിൽ റിമാൻഡിൽ ആയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ തോമസ് പിന്നീട് രണ്ട് ബൈക്കുകളും മോഷ്ടിച്ചിരുന്നു.
വളരെ വർഷങ്ങളായി മോഷണം തൊഴിലാക്കിയ ഇയാൾ പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ മോഷണം ആരംഭിച്ചിരുന്നു. നിരവധി തവണ പോലീസ് പിടിയിൽ ആയിട്ടുണ്ട്. പ്രായപൂർത്തിയാക്കുന്നതിനു മുൻപും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അവസാനം നടത്തിയ രണ്ട് മോഷണങ്ങള്ക്ക് ശേഷം താൻ ഈ പരിപാടി എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് എന്ന് ഡിവൈഎസ്പി ഓഫീസിൽ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു ഇയാള്. ഇതിന് പിന്നാലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.