ഒന്ന് തൊട്ടാൽ വേദന മാറാൻ മാസങ്ങൾ വേണ്ടിവരും; വിരസത മാറ്റാൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ ചെടി വളർത്തുകയാണ് ഈ വിദ്വാന്
ഒഴിവു സമയങ്ങളിൽ നേരം പോക്കിനു വേണ്ടി ചെടി വളർത്തുന്ന നിരവധിപേരെ നമുക്കറിയാം. വിരസത മാറുന്നതിന് വേണ്ടിയാണ് പലരും ചെടി വളർത്തലിലേക്ക് തിരിയുന്നത്. ചിലർക്ക് ഇതിനോട് വല്ലാത്ത താല്പര്യവും ഉണ്ടാകും. അതുകൊണ്ട് വീടിനോട് ചേർന്ന് ഒരു ചെറിയ പൂന്തോട്ടം ഒരുക്കിയെടുക്കാൻ ഇഷ്ടപ്പെടുന്ന നിരവധി പേരെ നമുക്കറിയാം. എന്നാൽ ബോറടി മാറ്റുന്നതിന് വേണ്ടി ചെടി വളർത്തലിലേക്ക് തിരിയുകയും പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ചെടി നട്ടുവളർത്തിയതിലൂടെ പ്രശസ്തനാവുകയും ചെയ്ത ഒരാളുണ്ട് അങ്ങ് യുകെയിൽ. 49 വയസ്സുകാരനായ ഡാനിയൽ എമിലിൻ ജോൺസ് ആണ് വളരെ വിചിത്രവും അപകടകരവുമായ ഈ വിനോദം ശീലമാക്കിയ വ്യക്തി.
ഇയാൾ പരിപാലിക്കുന്നത് ലോകത്തിന്റെ വിവിധ മഴക്കാടുകളിൽ മാത്രം കാണുന്ന ജിമ്പി എന്നറിയപ്പെടുന്ന ഒരു ചെടിയാണ്. ഈ ചെടിയുടെ ഇലകളിലും തണ്ടുകളിലും ഒക്കെയായി ആയിരക്കണക്കിന് നേര്‍ത്ത മുള്ളുകളുണ്ട്. കാണുമ്പോൾ നമുക്ക് ഇതിന്റെ അപകടം മനസ്സിലാകില്ലങ്കിലും ഈ ചെടിയിൽ ഒന്ന് തൊട്ടു നോക്കുന്നതോടെ കാര്യം പിടികിട്ടും. ഇതിന്റെ മുള്ള് കൊണ്ടാൽ ഉണ്ടാകുന്ന വേദന അത്ര ഭീകരമാണ്. ശരീരത്തിൽ കറണ്ട് അടിച്ചത് പോലെയാവും തോന്നുക. മാത്രവുമല്ല ഇതിന്റെ വേദന ആഴ്ചകളും മാസങ്ങളും വരെ നിലനിൽക്കും എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ഡാനിയൽ വലിയൊരു തുക മുടക്കിയാണ് ഈ ചെടി വീട്ടിലെത്തിച്ചത്.തന്റെ പക്കലുള്ള മറ്റു ചെടികളുടെ ഒപ്പം വയ്ക്കാതെ വീട്ടിൽ പ്രത്യേകം ഒരു കൂട്ടിനുള്ളിൽ ആണ് ഈ ചെടി ഇദ്ദേഹം വളർത്തുന്നത്. വളരെ അപകടകരമായ ചെടി ആയതുകൊണ്ട് തന്നെ കൂടിന്റെ പുറത്ത് പ്രത്യേകം സൂക്ഷിക്കണം എന്ന ബോർഡും എഴുതി തൂക്കിയിട്ടുണ്ട്. പലതരത്തിലുള്ള ചെടികൾ വളർത്തിയ താൻ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടിയാണ് ഈ ചെടി വളർത്തുന്നതെന്ന് ഇയാൾ പറയുന്നു.നേരമ്പോക്കിന് വേണ്ടി ഈ ചെടി പരിപാലിക്കുന്നത് വളരെ നല്ലതാണെന്നാണ് ഡാനിയൽ അഭിപ്രായപ്പെടുന്നു.