പാമ്പിനെ പിടിച്ചു തരണമെന്ന അഭ്യർത്ഥനയുമായി ഒരു ഇന്റർനാഷണൽ കോൾ വാവ സുരേഷിനെ തേടിയെത്തി; കോള്‍ വന്നത് വൈറ്റ് ഹൌസില്‍ നിന്ന്
കേരളത്തിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരൻ ആണ് വാവ സുരേഷ്. ഓരോ മലയാളികള്‍ക്കും ഏറെ സുപരിചിതനായ അദ്ദേഹത്തെ തേടി പ്രതിദിനം നിരവധി കോളുകളാണ് എത്താറുള്ളത്. ഇതുവരെ വാവാ സുരേഷിന് വന്നിട്ടുള്ള കോളുകൾ എല്ലാം കേരളത്തിന് അകത്തു നിന്ന് ആണെങ്കിൽ ഇത്തവണ പാമ്പിനെ പിടിച്ചു കൊടുക്കണം എന്ന അഭ്യർത്ഥനയുമായി കോൾ വന്നിരിക്കുന്നത് അങ്ങ് സ്വീഡനിൽ നിന്നാണ്. ഇവിടുത്തെ അതി പ്രശസ്തമായ സ്കൺസൺ സുവോളജി പാർക്കിൽ നിന്നും രക്ഷപ്പെട്ട രാജവെമ്പാലയെ പിടിച്ചു കൊടുക്കണം എന്ന അഭ്യർത്ഥനയുമായി വൈറ്റ് ഹൗസിൽ നിന്നാണ് വാവ സുരേഷിനെ തേടി ഫോൺ കോൾ എത്തിയത്.
സ്വീഡനിലെ സുവോളജി പാർക്കിൽ നിന്ന് ഒക്ടോബർ 22 നു 7 അടി നീളമുള്ള രാജവെമ്പാല രക്ഷപ്പെട്ടത്. ജന നിബിഡമായ പ്രദേശത്തേക്ക് രാജവെമ്പാല രക്ഷപ്പെട്ടത് എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ആശങ്കയിലാഴ്ത്തി. ഇതോടെ രാജവെമ്പാലയെ കണ്ടെത്തുന്നതിന് വേണ്ടി അവര്‍ മൃഗശാല ഭാഗികമായി അടക്കുകയും ചെയ്തു. പിന്നീട് പാമ്പിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
സ്വീഡനിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് അമേരിക്കയിലെ വൈറ്റ് ഹൗസിൽ ഉള്ള തന്റെ സുഹൃത്തിനോട് പാമ്പ് രക്ഷപ്പെട്ട വിവരം പറഞ്ഞത്. അദ്ദേഹമാണ് ഈ വിവരം വാവ സുരേഷിനെ വിളിച്ച് പറയുന്നത്. സ്വീഡനില്‍ നിന്നും ഔദ്യോഗികമായി അധികൃതർ കേരളത്തിൽ എത്തി വാവാ സുരേഷിനെ കൂട്ടിക്കൊണ്ടു പോകാനായിരുന്നു ആദ്യം പദ്ധതി ഇട്ടിരുന്നത്. ഇതിന്റെ ചർച്ചകൾ നടന്നു വരുന്നതിനിടെ രാജവെമ്പാലയെ അധികൃതർ കണ്ടെത്തി മൃഗശാലയിൽ തിരികെ എത്തിക്കുകയായിരുന്നു. ഏതായലും സ്വീഡനില്‍ നിന്നും വാവ സുരേഷിനെ തേടി ഇങ്ങനെ കോള്‍ എത്തിയ വിവരം വലിയ വാര്ത്ത ആയി മാറി.