വര്ഷങ്ങളോളം വധുവിനെ കിട്ടാതെ അലഞ്ഞു; വിവാഹം കഴിക്കണമെന്ന മോഹവുമായി 2.5 അടി ഉയരമുള്ള യുവാവ് മുഖ്യമന്ത്രിയെ വരെ സമീപിച്ചു; പക്ഷേ ഒന്നും നടന്നില്ല; ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വധുവിനെ കിട്ടിയ സന്തോഷത്തിൽ മൻസൂരി
നമ്മുടെ നാട്ടിലെ സാമൂഹ്യ സ്ഥിതി അനുസരിച്ച് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വിവാഹം സ്വപ്നം കാണുന്നതിന് പോലും ചില പരിമിതികൾ ഉണ്ട്. നിലവിലുള്ള സാമൂഹികമായ സാഹചര്യങ്ങളും മനുഷ്യരുടെ ഇടുങ്ങിയ ചിന്താഗതിയും അത്തരക്കാരെ ഉൾക്കൊള്ളുന്നതിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഷംലിയിൽ ഇത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നു പോയ ഒരു യുവാവിന്റെ വിവാഹ വാർത്ത അതുകൊണ്ടു തന്നെ വളരെ വേഗം ശ്രദ്ധയാകർഷിക്കുകയും ചെയ്തു. 2.5 അടി ഉയരമുള്ള അസി മൻസൂരി എന്ന യുവാവാണ് തന്റെ വൈകല്യത്തിന്റെ പേരിൽ പങ്കാളിയെ കണ്ടെത്താൻ വളരെ വർഷങ്ങളോളം വിഷമിച്ചത്.
മൻസൂരിക്ക് ഇപ്പോൾ 32 വയസ്സാണ് പ്രായം. വളരെ വർഷങ്ങളായി ഒരു വധുവിന് വേണ്ടിയുള്ള അന്വേഷണത്തിൽ ആയിരുന്നു മൻസൂരി. എന്നാൽ ഉയരക്കുറവിന്റെ പേരിൽ ഇദ്ദേഹത്തിന് വധുവിനെ നൽകാൻ ആരും തന്നെ തയ്യാറായില്ല. ഏറെ ശ്രമിച്ചിട്ടും വിവാഹം നടക്കാതായതോടെ ഇദ്ദേഹം സഹായം അഭ്യർത്ഥിച്ച് രാഷ്ട്രീയ സാമൂഹിക പ്രവർത്തകരെ സമീപിച്ചു. എന്തിനേറെ പറയുന്നു 2019ല് യുപി മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിനെ പോലും ഇദ്ദേഹം പ്രശ്നപരിഹാരത്തിനായി സമീപിച്ചിട്ടുണ്ട്. പക്ഷേ ഒന്നും ഫലം കണ്ടില്ല.
ഏറെനാളത്തെ കാത്തിരിപ്പിനും അന്വേഷണത്തിനും ഒടുവിൽ മൻസൂരിയ്ക്ക് യോജിച്ച ഒരു വധുവിനെ കണ്ടെത്തി എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. രണ്ടടിയോളം ഉയരം ഉള്ള ഒരു യുവതിയെയാണ് ഇപ്പോൾ അദ്ദേഹത്തിന് വധുവായി കിട്ടിയിരിക്കുന്നത് . മൻസൂരിയുടെ വിവാഹത്തിന്റെ വീഡിയോകൾ ഇന്ന് സമൂഹ മാധ്യമത്തിൽ നിരവധി ആളുകളാണ് ഷെയർ ചെയ്യുന്നത്. വളരെയധികം സന്തോഷമുണ്ടെന്നും ദൈവത്തിന്നു നന്ദി പറയുന്നതായും മൻസൂരി പ്രതികരിച്ചു.