തളർന്നുറങ്ങുന്ന മകളെ മുൻ സീറ്റിൽ ഇരുത്തി ടാക്സി ഓടിക്കുന്ന വനിതാ ഡ്രൈവർ; സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടി ഈ അമ്മ
ഇന്ന് ടൗണിലുള്ളവർ കൂടുതലായി ആശ്രയിക്കുന്നത് ഊബര്‍ ടാക്സിയെയാണ്. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഇന്ന് ഊബര്‍ ടാക്സി ലഭ്യമാണ്. കഴിഞ്ഞ ദിവസം ബാംഗ്ലൂർ നഗരത്തിൽ വെച്ച് രാഹുല്‍ എന്ന യാത്രികൻ മുൻ സീറ്റിലിരുന്ന ഡ്രൈവറെ കണ്ട് ഒന്ന് അമ്പരന്നു. വനിതാ ഡ്രൈവറുടെ മടിയിൽ ഒരു പെൺകുഞ്ഞ് ഉറങ്ങുകയാണ്. രാഹുൽ എന്ന ചെറുപ്പക്കാരൻ ഇത് മകളാണോ എന്ന് ഡ്രൈവറോട് തിരക്കി. ഇത് തന്റെ മകളാണെന്നും സ്കൂൾ അവധി ആയതുകൊണ്ട് മകളെ നോക്കിക്കൊണ്ട് ജോലി തുടരുകയാണെന്നും ഡ്രൈവറായ നന്ദിനി രാഹുലിനോട് പറഞ്ഞു.
യാത്ര കഴിഞ്ഞതിനു ശേഷം രാഹുൽ അവരുടെ ഒപ്പം ഒരു ചിത്രം എടുത്തു. പിന്നീട് നന്ദിനിയെയും മകളെയും സമൂഹ മാധ്യമത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. വളരെ വേഗം തന്നെ ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഉറങ്ങുന്ന മകളെയും സീറ്റിൽ ഇരുത്തി ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി ടാക്സി ഓടിക്കുന്ന വനിതാ ഡ്രൈവർ സമൂഹ മാധ്യമത്തിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ബാംഗ്ലൂർ പോലെ ഒരു വലിയ നഗരത്തിൽ മകളുടെ ഒപ്പം ജീവിതം കരുപ്പിടിപ്പിക്കാൻ പോരാടുകയാണ് നന്ദിനി എന്ന ഈ അമ്മ.
നന്ദിനി ഒരു ബിസിനസ് സംരംഭക ആകാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു. ഫുഡ് ട്രക്ക് ബിസിനസ് നടത്തിയാണ് നന്ദിനി തന്റെ ജീവിതം മുന്നോട്ടു നയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ആ ബിസിനസ് പൊളിഞ്ഞു. ഇതോടെ ജീവിത മാർഗത്തിന് മറ്റൊരു വഴി കണ്ടെത്താൻ അവർ തീരുമാനിച്ചു. തോറ്റുകൊടുക്കാൻ നന്ദിനി ഒരുക്കമായിരുന്നില്ല. അത്തുകൊണ്ട് അവർ ഡ്രൈവർ കുപ്പായം അണിഞ്ഞു. പ്രതിദിനം 12 മണിക്കൂറോളം ടാക്സി ഓടിച്ചാണ് ഇവർ കുടുംബം പുലർത്തുന്നത്. തളരാതെ പ്രതിസന്ധികളോട് പൊരുതി ജീവിക്കുന്ന ഈ ധീര വനിത ഇന്ന് ലോകത്തിന് മാതൃകയാകുന്നു.