റൈഡ് 2 മാരേജ്; കോയമ്പത്തൂർ ടു ഗുരുവായൂർ; കോയമ്പത്തൂരിൽ നിന്ന് സൈക്കിൾ ചവിട്ടി ഗുരുവായൂരിലെത്തി വരനും സുഹൃത്തുക്കളും
കോയമ്പത്തൂർ സ്വദേശിയായ ശിവ സൂര്യയും സുഹൃത്തുക്കളുമാണ് സൈക്കിൾ ചവിട്ടി ഗുരുവായൂരിൽ വിവാഹത്തിന് എത്തിയത്. കണ്ണൂർ സ്വദേശിനിയായ അഞ്ജനയാണ് വധു.
പരിസ്ഥിതി സൗഹൃദ സന്ദേശം നൽകുന്നതിന് വേണ്ടിയാണ് ശിവ സൂര്യ തന്റെ സുഹൃത്തുക്കളുടെയൊപ്പം സൈക്കിളിൽ യാത്ര ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിക്ക് ആയിരുന്നു ഗുരുവായൂരിൽ വച്ച് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന് സൈക്കിളിൽ യാത്ര ചെയ്ത് പോകാം എന്ന് ശിവ സൂര്യ തീരുമാനിച്ചപ്പോൾ സുഹൃത്തുക്കളും ആ തീരുമാനത്തെ പിന്തുണക്കുക ആയിരുന്നു. ഇതോടെയാണ് ‘ റൈഡ് ടു മാരേജ്- കോയമ്പത്തൂർ ടു ഗുരുവായൂർ’ എന്ന് എഴുതിയ ബോർഡ് വച്ച് ശിവ സൂര്യയും സംഘവും യാത്ര തിരിക്കുന്നത്. വിവാഹത്തിന്റെ തലേ ദിവസം രാവിലെയാണ് വരനും സുഹൃത്തുക്കളും കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് യാത്ര ആരംഭിച്ചത്. 140 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിച്ച് ആണ് ഇവർ ഗുരുവായൂരിൽ എത്തിച്ചേർന്നത്.
അടുത്ത ദിവസം രാവിലെ 9 മണിയോടെയാണ് വിവാഹം നടന്നത്. തിരിച്ചു കോയമ്പത്തൂരിലേക്ക് സൈക്കിളിൽ തന്നെ യാത്ര ചെയ്യണമെന്നതായിരുന്നു വരന്റെയും സുഹൃത്തുക്കളുടെയും ആഗ്രഹം. എന്നാൽ വധുവിന്റെ ബന്ധുക്കൾ ഈ തീരുമാനത്തോട് യോജിച്ചില്ല. ഇതോടെ വരനും വധുവും തിരികെ കാറിൽ പോവുകയായിരുന്നു. ശിവ സൂര്യയുടെ സുഹൃത്തുക്കൾ വിവാഹത്തിനു ശേഷം സൈക്കിളിൽ തന്നെ തിരികെ കോയമ്പത്തൂരിലേക്ക് മടങ്ങി. ശിവ സൂര്യ ഗുജറാത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറാണ്. വധു അഞ്ജന അഹമ്മദാബാദിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി നോക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.