ഭാര്യക്ക് സമ്മാനം നൽകുന്നതിന് വേണ്ടി ഭിക്ഷാടന സംഘത്തിലെ കുട്ടിയെ തട്ടിയെടുത്തു; റേഷൻ വ്യാപാരി പോലീസ് പിടിയിൽ
ഭാര്യക്ക് സമ്മാനം നൽകുന്നതിന് വേണ്ടി ഭിക്ഷാടന സംഘത്തിലുള്ള കുട്ടിയെ തട്ടിയെടുത്ത റേഷൻ വ്യാപാരി ഒടുവിൽ പോലീസ് പിടിയിലായി. യുപിയിലെ സഹറൻപൂരിലാണ് ഈ സംഭവം നടന്നത്. റേഷൻ വ്യാപാരിയായ ഓംപാല്‍ ആണ് അമ്മയുടെ മടിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
അമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ ഇയാൾ കടയിൽ കൊണ്ടുപോയി പുതിയ വസ്ത്രം ധരിപ്പിച്ചാണ് വീട്ടിലേക്ക് കൊണ്ടു പോയത്. ഹീന എന്ന യുവതിയുടെ കയ്യിൽ നിന്നാണ് ഏഴു മാസം മാത്രം പ്രായമുള്ള ഇവരുടെ മകനെ ഓംപാൽ തട്ടിക്കൊണ്ടു പോയത്. സ്ത്രീയുടെ സമീപത്ത് എത്തിയ ഇയാൾ കുട്ടിയെ ഒന്ന് കാണിക്കാൻ ആവശ്യപ്പെട്ടു. ഹീന കുട്ടിയെ കാണിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കുഞ്ഞിനെയും തട്ടിയെടുത്തു കൊണ്ട് ഓടി രക്ഷപ്പെടുക ആയിരുന്നു. തുടർന്ന് സി സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോലീസ് പിടിയിലായത്. ഭിക്ഷാടന സംഘത്തിലെ കുട്ടി ആയതുകൊണ്ട് പരാതിപ്പെടില്ല എന്നു കരുതിയാണ് കുഞ്ഞിനെ തട്ടിയെടുത്തത് എന്ന് ഓംപാൽ പിന്നീട് പോലീസിനോട് പറഞ്ഞു.
ആദ്യത്തെ വിവാഹത്തില്‍ മൂന്നു പെൺകുട്ടികളാണ് ഓംപാലിന് ഉള്ളത്. എന്നാൽ ഒരു ആൺകുട്ടി വേണം എന്ന ആഗ്രഹം ഓംപാലിന് ഉണ്ടായിരുന്നു. ഇതിനായി അദ്ദേഹം രണ്ടാമത് ഒരു വിവാഹം കൂടി കഴിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന് കുട്ടികൾ ഉണ്ടായില്ല. ഇതോടെ ഒരു ആൺകുട്ടിയെ ദത്തെടുക്കാം എന്ന് ഭാര്യ അറിയിച്ചു. തുടർന്ന് ഭാര്യയുടെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് ഓംപാൽ നാടോടി സ്ത്രീയുടെ കയ്യിൽ നിന്നും കുട്ടിയെ തട്ടി എടുത്തത്.