അനീസ് മാസാണ്; മത്സര പരീക്ഷകൾ ഒരു വീക്ക്നെസ്സാണ്; ഇതുവരെ ആറ് വിഷയങ്ങളിൽ നെറ്റ് യോഗ്യത നേടി; പക്ഷേ മതിയാക്കാന്‍ അനീസ് ഒരുക്കമല്ല; ഈ മലപ്പുറം സ്വദേശി ഒരു സംഭവമാണ്
അനീസിന് പഠനത്തിനോടും മത്സര പരീക്ഷകളോടും വല്ലാത്ത ഭ്രമമാണ്. അതുകൊണ്ടുതന്നെ ആ ഭ്രമം അനീസിനെ എത്തിച്ചത് ദേശീയ തലത്തിലുള്ള അപൂർവ്വ നേട്ടത്തിലും.
മലപ്പുറം അരീക്കോട് സ്വദേശിയാണ് അനീസ്. ഇതിനോടകം വ്യത്യസ്തങ്ങളായ ആറു വിഷയങ്ങളിൽ അനീസ് നെറ്റ് യോഗ്യത നേടിയിട്ടുണ്ട്. ഇതിൽ തന്നെ രണ്ടു വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള അർഹതയും കരസ്ഥമാക്കി. അനീസിന് നേരത്തെ തന്നെ പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, ടൂറിസം ,കംപാരിറ്റീവ് സ്റ്റഡീസ് ഓഫ് റിലീജിയൻ ,കൊമേഴ്സ് എന്നീ വിഷയങ്ങളിൽ നെറ്റ് യോഗ്യതയുണ്ടായിരുന്നു. ഇതു കൂടാതെ ഇത്തവണത്തെ പരീക്ഷയിൽ മാനേജ്മെന്റ് വിഷയത്തിലും അനീസ് നെറ്റ് കരസ്ഥമാക്കി. അനീസിന് സൈക്കോളജിയിലും കൊമേഴ്സിലും ജെ ആർ എഫ് യോഗ്യത ആണ് ഉള്ളത്.
കുഴിമണ്ണ പഞ്ചായത്തിൽ ക്ലറിക്കൽ സ്റ്റാഫ് ആയി ജോലി ചെയ്യുന്നതിനിടെയാണ് സർക്കാർ ജോലി ഉപേക്ഷിച്ച് നെറ്റ് പരിശീല രംഗത്തേക്ക് അനീസ് എത്തുന്നത്. നെറ്റില്‍ യോഗ്യത നേടുന്നതിന് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനൊപ്പം അനീസും വിവിധ വിഷയങ്ങളിൽ പഠനം ആരംഭിച്ചു.
നിലവിൽ കോഴിക്കോട് കേന്ദ്രമായി ഐഫർ എജ്യൂക്കേഷൻ എന്ന പേരിൽ സ്വന്തമായി ഒരു നെറ്റ് കോച്ചിംഗ് സെന്റർ നടത്തി വരികയാണ് അനീസ്. വരും വർഷങ്ങളിൽ കൂടുതൽ വിഷയങ്ങളിൽ നെറ്റ് യോഗ്യത നേടാനാണ് അനീസിന്റെ ഇപ്പോഴത്തെ ആഗ്രഹം. ഇത് കൂടാതെ കൂടുതൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കണം എന്നതും അനീസിന്റെ സ്വപ്നമാണ്. അനീസ് അരീക്കോട് പൂക്കോട് ചോലയിൽ പരേതനായ വീരാൻറെയും മൈമുനയുടെയും മകനാണ് . അനീഷിന്റെ ഭാര്യ വണ്ടൂർ സ്വദേശിനി ഫഹീമയാണ്. ഐമൻ എന്നാണ് അനീസിന്റെ മകന്‍റെ പേര്.