കയ്യില്‍ ജപ്തി നോട്ടീസ്; സ്ക്രീനിൽ ചിരി പടർത്തിയ മേരി, രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പൊരി വെയിലത്ത് ലോട്ടറി വില്പന നടത്തുകയാണ്
ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ചിരി പടർത്തിയ ബേബിയെയും മേരിയെയും ആരും മറന്നിട്ടുണ്ടാവില്ല. ‘ഒന്ന് പോ സാറേ’ എന്ന മേരിയുടെ ഡയലോഗ് വളരെ വേഗം തന്നെ ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ച മേരിയുടെ മുഖത്ത് ഇപ്പോൾ ആ ചിരി ഇല്ല. കോവിഡ് മൂലം ഉണ്ടായ ദുരിതങ്ങളിൽപ്പെട്ട് ഉഴറുന്ന അവർ ഇപ്പോൾ ഭാഗ്യക്കുറിയുമായി പൊരി വെയിലത്ത് അലയുകയാണ്.
മേരി താമസിക്കുന്നത് ആലപ്പുഴ 70 ചാണിയിൽ ലക്ഷംവീട് കോളനിയിലാണ്. സിനിമയിൽ അവസരങ്ങൾ ലഭിക്കുമെന്ന് കരുതി ഒരു വീട് വെക്കുന്നതിനു വേണ്ടി ജില്ലാ സഹകരണ ബാങ്കിൽ നിന്നും മേരി ലോൺ എടുത്തിരുന്നു. എന്നാൽ സിനിമാ ലോകത്ത് പ്രതീക്ഷിച്ചതുപോലെ അവസരങ്ങൾ കിട്ടാതെ വന്നതോടെ അടവ് മുടങ്ങി. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസും ലഭിച്ചു. ഇതോടെയാണ് മേരി ലോട്ടറി വില്പനയ്ക്ക് ഇറങ്ങി തിരിച്ചത്. രാവിലെ ആറര മുതൽ ഉച്ചവരെ ലോട്ടറി വില്‍പ്പന നടത്തിയാൽ 300 രൂപവരെ കിട്ടുമെന്ന് മേരി പറയുന്നു.
നേരത്തെ തൊഴിലുറപ്പ് ജോലിക്ക് പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് മേരിക്ക് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ അവസരം ലഭിക്കുന്നത്. ഇതിനു ശേഷമാണ് മകളുടെ വിവാഹം നടത്തുന്നത്. ആക്ഷൻ ഹീറോ ബിജുവിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ചില പരസ്യ ചിത്രങ്ങളിലും മേരി അഭിനയിച്ചു. ഇതുവരെ 35 ഓളം ചിത്രങ്ങളിൽ മേരി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പഴയതുപോലെ വേഷങ്ങൾ ലഭിക്കുന്നില്ലെന്നു മേരി പറയുന്നു. വൈകിയാണെങ്കിലും തനിക്ക് വിളി വരും എന്ന പ്രതീക്ഷയിലാണ് ഈ കലാകാരി.