തന്റെ യജമാനനെ കടിക്കാനാഞ്ഞു വന്ന പാമ്പിനു നേരെ ജൂലി ചാടിവീണു; പാമ്പ് ചത്തുവെന്ന് ഉറപ്പാകുന്നതുവരെ അവള് പിടി വിട്ടില്ല; താരമായി ജൂലിയെന്ന വളര്‍ത്തുനായ
ചരിത്രാതീത കാലം മുതൽ തന്നെ മനുഷ്യന്റെ സന്തതസഹചാരികളാണ് നായകൾ. പലപ്പോഴും മനുഷ്യനെക്കാൾ വിവേകത്തോടെ നായകൾ പെരുമാറാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ജീവൻ പോലും ത്യജിക്കാൻ നായകൾക്ക് ഒരു മടിയുമില്ല. ഇപ്പോഴിതാ തന്റെ ഉടമസ്ഥനെ കടിക്കാന്‍ പാഞ്ഞടുത്ത പാമ്പിനെ കടിച്ചു കൊന്ന ഒരു നായയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ താരമായിരിക്കുന്നത്. ജൂലി എന്നാണ് ഈ നായയുടെ പേര്.
ഉത്തർ പ്രദേശിലുള്ള മിർസാപൂർ ജില്ലയിലെ ടിൽടി എന്ന ഗ്രാമത്തിലാണ് ഇതിന് ആസ്പദമായ സംഭവം നടന്നത്. ഉടമസ്ഥൻ വീടിന്റെ മുറ്റത്ത് വിശ്രമിക്കുകയായിരുന്നു. തൊട്ടടുത്തായി വളർത്തുനായ ജൂലിയും ഉണ്ടായിരുന്നു. പെട്ടെന്നാണ് തന്റെ യജമാനനെ ലക്ഷ്യമാക്കി ഒരു പാമ്പ് ഇഴഞ്ഞു വരുന്നത് ജൂലിയുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാൽ യജമാനൻ അത് കണ്ടിരുന്നില്ല. അടുത്തെത്തിയ പാടെ കൊത്താനായി പാമ്പ് ഫണം വിടർത്തി. അപകടം മനസ്സിലാക്കിയ ജൂലി ഉടൻതന്നെ പാമ്പിന്റെ പുറത്തേക്ക് ചാടി വീണു. യജമാനനെ കടിക്കാൻ പത്തി വിടർത്തി നിന്ന പാമ്പിനെ ജൂലി കടിച്ചു കുടഞ്ഞു. പാമ്പ് ചത്തു എന്നുറപ്പാകുന്നതുവരെ ജൂലി പിടി വിട്ടില്ല.
നായ ചാടി വീണതിനുശേഷം ആണ് പാമ്പ് വന്ന കാര്യം പോലും വീട്ടുടമസ്ഥൻ അറിയുന്നത്. പാമ്പുമായുള്ള പോരാട്ടത്തിൽ ജൂലിക്ക് കടി ഏല്‍ക്കുമോ എന്ന ഭയം വീട്ടുടമസ്ഥനു ഉണ്ടായിരുന്നു. എന്നാൽ ജൂലിക്ക് ഒന്നും സംഭവിച്ചില്ല. ജൂലിയെ പിന്നീട് ഉടമസ്ഥന് വിശദമായി പരിശോധിച്ച് പാമ്പിന്റെ കഡി ഏറ്റിറ്റുണ്ടോ എന്നു ഉറപ്പ് വരുത്തി. സ്വന്തം ജീവൻ പണയം വെച്ചിട്ടാണെങ്കിലും ജൂലി തന്റെ യജമാനന്റെ ജീവൻ രക്ഷിച്ചു. ഇന്ന് സമൂഹ മാധ്യമത്തിലും നാട്ടിലും ജൂലി താരമാണ്.