ട്രെയിൻ യാത്രയ്ക്കിടെ മോഷണം പോയ യുവതിയുടെ ഫോൺ കണ്ടുപിടിക്കാൻ സഹായിച്ചത് അമേരിക്കയിലുള്ള ഭർത്താവ്; ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന ഒരു ആപ്ലിക്കേഷന്‍ മോഷ്ടാവിലേക്കുള്ള ചൂണ്ടുപലകയായി
ട്രെയിൻ യാത്ര നടത്തുകയായിരുന്ന യുവതിയുടെ ബാഗിൽ നിന്നും സ്വർണ്ണവും പണവും ഫോണും മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. മോഷണം പോയ ഫോണിൽ ഉണ്ടായിരുന്ന ഫൈന്‍റ് മൈ ഫോൺ എന്ന ആപ്ലിക്കേഷൻ ആണ് മണിക്കൂറുകൾക്കുള്ളില്‍ മോഷ്ടാവിനെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. എറണാകുളം സ്വദേശിനിയായ പൂർണശ്രീയുടെ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. തിരുനെൽവേലി സ്വദേശിയായ ജേക്കബ് എന്ന 47 കാരനാണ് അറസ്റ്റിലായത്.
എറണാകുളത്ത് നിന്നും പയ്യന്നൂരേക്കുള്ള യാത്രക്കിടയാണ് പൂർണശ്രീയുടെ മൊബൈൽ ഫോൺ മോഷണം പോയത്. കുട്ടിയുടെ മാല , അരഞ്ഞാണം, ബ്രേസ്‌ലെറ്റ് , പണം , എന്നിവ യുൾപ്പെടെ മോഷ്ടിച്ചതിനു ശേഷം പേഴ്സ് സീറ്റിന് അടിയിൽ ഉപേക്ഷിക്കുക ആയിരുന്നു. പൂര്‍ണശ്രീ ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന അച്ഛന്റെ ഫോണിൽ നിന്നും അമേരിക്കയിലുള്ള ഭർത്താവ് എംപി ഗിരീഷിനെ വിളിച്ച് വിവരം അറിയിച്ചു. ഗിരീഷിന്റെ ഫോണുമായി പൂർണശ്രീയുടെ ഫോണ്‍ ബന്ധിപ്പിച്ചിരുന്നു. ഫൈൻഡ് മൈ ആപ്പ് വഴി ഫോണിന്റെ ലൊക്കേഷൻ ഗിരീഷ് മനസ്സിലാക്കി. ഫോൺ അതേ ട്രെയിനിൽ തന്നെയുണ്ടെന്ന് ഗിരീഷ് തിരിച്ചറിഞ്ഞു. പക്ഷേ ആരുടെ കൈവശമാണ് ഫോൺ ഉള്ളതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഫോൺ കണ്ണൂരിലെത്തിയപ്പോൾ റെയിൽവേ പോലീസിന് പരാതി നൽകി. പയ്യന്നൂരിൽ എത്തിയപ്പോഴും റെയിൽവേ പോലീസിന് ഫോണിന്റെ ലൊക്കേഷൻ വളരെ കൃത്യമായി തന്നെ ഗിരീഷ് അറിയിച്ചുകൊണ്ടിരുന്നു. ഫോൺ മൊഗ്രാൽ പുത്തൂർ ഭാഗത്തേക്ക് നീങ്ങുന്നതായി തിരിച്ചറിഞ്ഞു .
മോഷ്ടാവ് ഒരു ബസ്സിൽ ആണ് യാത്ര ചെയ്യുന്നത് എന്ന് മനസ്സിലാക്കിയ റെയിൽവേ പോലീസ് കാസർഗോഡ് ട്രാഫിക് പോലീസിൽ വിവരം അറിയിച്ചു. പിന്നീട് ബസ് തടഞ്ഞു നിര്‍ത്തി തൊണ്ടി സഹിതം മോഷ്ടാവിനെ പിടികൂടുകയായിരുന്നു.