ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നെന്ന് അറിയില്ലായിരുന്നു; ഗ്രീഷ്മയുടെ അമ്മാവനും അമ്മയും
പാറശ്ശാല ഷാരോണ്‍ വധക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മല കുമാരനും ഹൈക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചു. ഗ്രീഷ്മയും ഷാരോണും പ്രണയത്തിനായിരുന്നു എന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് ഇവർ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നത്.
ഷാരോൺ കൊല ചെയ്യപ്പെട്ടതിനു ശേഷമാണ് മകളുടെ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് ഇവരുടെ വാദം. മാത്രമല്ല ഗ്രീഷ്മയെ കൊണ്ട് നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടിയാണ് തങ്ങളെ കൂടി കേസിൽ കുടുക്കിയതെന്ന് ഇവർ പറയുന്നു.
വിഷക്കുപ്പി ഒളിപ്പിച്ചു എന്ന പോലീസിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്, അത് കെട്ടിച്ചമച്ചതാണ്. ഇതുവരെ ഈ കേസിൽ കൂടുതൽ തെളിവുകൾ ഒന്നും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ദിവസം കസ്റ്റഡിയിൽ തുടരുന്നത് തങ്ങളുടെ ഉപജീവനമാർഗ്ഗത്തെത്തന്നെ ഇല്ലാതാകുന്നതിന് ഇടയാക്കും. ആരോഗ്യസ്ഥിതി വളരെ മോശമാണ് അതുകൊണ്ട് ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയുടെ സാരാംശം. ഇരുവരും സമർപ്പിച്ച ഹർജി നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
കുടുംബത്തിന്റെ പിന്തുണ ഇല്ലാതെ ഇത്തരം ഒരു കൊലപാതകം നടത്താൻ ഗ്രീഷ്മയ്ക്ക് തനിച്ച് കഴിയില്ല എന്ന് ഷാരോണിന്റെ കുടുംബം ആരോപിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തെളിവു നശിപ്പിക്കുന്നതിന് വേണ്ടി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും സഹായം നൽകിയതായി പോലീസ് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഇവരെ കൂടി ഈ കേസ്സില്‍ പ്രതി ചേർത്തത്.
ഗ്രീഷ്മയുമായി വിവിധ സ്ഥലങ്ങളില്‍ ഉള്ള പോലീസ്സിന്റെ തെളിവെടുപ്പ് തുടരുകയാണ്. യാതൊരു കുറ്റബോധവും ഇല്ലാതെയാണ് പോലീസ്സിന്റെ ഒപ്പം തെളിവെടുപ്പിനും മറ്റും ഗ്രീഷ്മ സഹകരിക്കുന്നത്.