സാറേ എന്നെ പാമ്പ് കടിച്ചു, രക്ഷിക്കണം; യുവാവ് ഓടിക്കയറിയത് പോലീസ് സ്റ്റേഷനിൽ
ബൈക്ക് യാത്രയ്ക്കിടെ പാമ്പ് കടിയേറ്റ യുവാവ് സഹായം അഭ്യർത്ഥിച്ചു കയറിയത് പോലീസ് സ്റ്റേഷനിൽ. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 12ന് കരിങ്കുന്നം സ്റ്റേഷനിലാണ് സഹായം തേടി യുവാവ് ഓടി കയറിയത്. കരിമണ്ണൂർ കോട്ടക്കല സ്വദേശി ജിത്തു തങ്കച്ചൻ എന്ന 18 കാരനാണ് പാമ്പു കടിയേറ്റപ്പോൾ സഹായം അഭ്യർത്ഥിച്ച് പോലീസ് സ്റ്റേഷനിൽ എത്തിയത്.
സാറേ എന്നെ പാമ്പ് കടിച്ചു രക്ഷിക്കണമെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് ഓടി കയറി വന്ന യുവാവിനെ കണ്ടു ആദ്യം പോലീസുകാർ ഒന്ന് ഞെട്ടി. പിന്നീട് ഒട്ടും വൈകിപ്പിക്കാതെ പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷം പോലീസ് ജീപ്പിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വീട്ടിലേക്ക് പോവുകയായിരുന്നു ജിത്തുവിന്റെ ബൈക്കിന്റെ ഹാൻഡിലിൽ കയറിക്കൂടിയ പാമ്പ് കയ്യിൽ കടിക്കുക ആയിരുന്നു. സമീപത്തെങ്ങും സഹായിക്കാൻ ആരെയും കാണാത്തതു കൊണ്ടാണ് യുവാവ് പോലീസ് സ്റ്റേഷനിലേക്ക് ഓടി കയറിയത്.
ആദ്യംസ്റ്റേഷനില് ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഒന്ന് അമ്പരന്നു. പിന്നീട് അപ്പോൾ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ യുവാവിന് വേണ്ട പ്രാഥമിക ശുശ്രൂഷ നൽകി . ഉടന്‍ തന്നെ പെട്രോളിംഗിൽ ആയിരുന്ന എസ് ഐ യെയും മറ്റ് സീനിയർ ഉദ്യോഗസ്ഥരെയും അവര്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ അവർ ജീപ്പുമായി സ്റ്റേഷനില്‍ എത്തി ജിത്തുവിനെ ആശുപത്രിയിൽ ആക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവാവ് അവശനിലയിൽ ആയിരുന്നു. അപ്പോഴേക്കും പോലീസ് വിവരം ബന്ധുക്കളെ അറിയിച്ചിരുന്നു. ഐസിയുവിൽ ആയിരുന്നു ജീത്തുവിനെ കഴിഞ്ഞ ഞായറാഴ്ചയാണ് മുറിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ജീത്തു ആശുപത്രി വിട്ടു.