നിർബന്ധിത മതപരിവർത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്ക്തന്നെ ഭീഷണി; കേന്ദ്രം നടപടി സ്വീകരിക്കണം; സുപ്രീംകോടതി
രാജ്യത്തു നടക്കുന്ന നിർബന്ധിത മത പരിവർത്തനം രാജ്യ സുരക്ഷയെ തന്നെ ദോഷകരമായ ബാധിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിർബന്ധിത മത പരിവർത്തനം അതീവ ഗുരുതരമായ ഒരു പ്രശ്നമാണെന്നും ഇത് തടയാത്ത പക്ഷം അത് രാജ്യ സുരക്ഷയെ തന്നെ മോശമായി ബാധിക്കുമെന്നും അതിന് ഉചിതമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു.
നിർബന്ധിത മതപരിവർത്തനം നമ്മുടെ രാജ്യത്തിന്റെ സരക്ഷയെയും മത സ്വാതന്ത്ര്യത്തെയും സംബന്ധിക്കുന്ന വിഷയമാണ്. ഇത് തടയുന്നതിന് എന്ത് ചെയ്യാൻ കഴിയും എന്ന് പരിശോധിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് നിലനിൽക്കുന്ന അന്ധവിശ്വാസവും , ദുർമന്ത്രവാദവും അതുപോലെ തന്നെ നിർബന്ധിത മത പരിവർത്തനവും തടയുന്നതിന് നടപടി സ്വീകരിക്കണം എന്ന് കാണിച്ച് ബി ജെ പി നേതാവ് അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത് .
നാട്ടില്‍ ആളുകളെ പ്രകോപിച്ചും ഭീഷണിപ്പെടുത്തിയും പണം നൽകിയുള്ള മതപരിവർത്തനം അവസാനിപ്പിക്കണമെന്നതാണ് അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലെ ആവശ്യം. ഇത് ഫയലില്‍ സ്വീകരിച്ചതിന് ശേഷമാണ് കോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയത്. ഹർജിയിൽ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും നിജസ്ഥിതി ഉണ്ടെങ്കില്‍ അത് രാജ്യസുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു . അതുകൊണ്ടുതന്നെ ഈ വിഷയം അതീവ ഗൗരവമായി പരിഗണിച്ച് ഈ മാസം 22ന് മുമ്പ് തന്നെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്രത്തോട് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാദങ്ങൾ കേൾക്കാൻ നവംബർ 28 ലേക്ക് കേസ് മാറ്റിയിട്ടുണ്ട്.