ചികിത്സയ്ക്കിടെ ഡോക്ടർ രണ്ട് വൃക്കകളും നീക്കി; ഡോക്ടറുടെ വൃക്കകൾ തനിക്ക് വച്ചു പിടിപ്പിക്കണം; ആവശ്യവുമായി യുവതി
ഗർഭാശയ അണുബാധയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടർ നീക്കം ചെയ്തു. സംഭവം നടന്നത് ബീഹാറിലാണ്. സെപ്റ്റംബർ മൂന്നിനാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ യുവതിയെ കബളിപ്പിച്ചത്. യുവതിയെ ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്ടർ ആണ് ഇത്തരമൊരു കൊടും തട്ടിപ്പ് നടത്തിയത് . രണ്ടു വൃക്കകളും നഷ്ടപ്പെട്ട യുവതി ഇപ്പോൾ അതിജീവനത്തിനായിയുള്ള പോരാട്ടം തുടരുകയാണ് . പ്രതിയായ ഡോക്ടറുടെ വൃക്കകള്‍ തനിക്ക് വച്ചു പിടിപ്പിക്കണം എന്നാണ് യുവതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുസാഫർ പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സുനിതാ ദേവി എന്ന 38 കാരിയാണ് ഇത്തരം ഒരു തട്ടിപ്പിന് ഇരയായത്.
നേരത്തെ യുവതി ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു. എന്നാൽ ഇതിനു ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് വൃക്കകളും നഷ്ടപ്പെട്ട വിവരം അറിയുന്നത്. വൃക്ക തട്ടിപ്പ് പുറത്തു വന്നതോടെ പ്രതി ആയ ഡോക്ടർ ആർ കെ സിംഗ് ഇപ്പോൾ ഒളിവിലാണ്.
കുറ്റവാളിയായ ഡോക്ടറെ ഉടൻ പിടികൂടണമെന്നും തനിക്ക് നഷ്ടപ്പെട്ട വൃക്കുകൾക്ക് പകരം ഡോക്ടറുടെ വൃക്കകൾ തനിക്ക് നൽകണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. അവരുടെ പൂര്‍ണ ഉത്തരവാദിത്വം തന്റെ ചുമലിൽ ആണെന്നും യുവതി പറഞ്ഞു. ഇതിന് ഉടന്‍ ഒരു പരിഹാരം കണ്ടേ മതിയാകൂ എന്ന് യുവതി ആവശ്യപ്പെട്ടു.
അതേസമയം ഡോക്ടറെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് വേണ്ടിയുള്ള വ്യാപകമായ തിരച്ചിൽ തുടരുകയാണ്.