ഒടുവിൽ അവളിലൂടെ ആ സ്വപ്നം യാഥാർത്ഥ്യമായി; മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ നിന്നും ആദ്യത്തെ ഡോക്ടറായി സുൽഫത്ത്
പൊന്നാനിയുടെ കടൽ തീരത്ത് നിന്നും ഡോക്ടർ എന്ന സ്വപ്നം ആ പെൺകുട്ടി യാഥാർത്ഥ്യമാക്കി. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ ഡോക്ടറാണ് ഇന്ന് സുൽഫത്ത്. പൊന്നാനി കടപ്പുറം തികഞ്ഞ ആഘോഷത്തോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ എതിരേറ്റത്.
മത്സ്യത്തൊഴിലാളികളായ ലത്തീഫിനും ലൈലയ്ക്കും മൂന്ന് മക്കളാണുള്ളത്. ഇവരിൽ മൂത്ത കുട്ടിയാണ് സുൽഫത്ത്. സുല്‍ഫത്ത് നന്നേ ചെറുപ്പം മുതൽ തന്നെ പഠിക്കാൻ മിടുക്കിയായിരുന്നു. പത്താംക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയാണ് സുൽഫത്ത് വിജയിച്ചത്. ഇതോടെയാണ് ഡോക്ടർ ആകണം എന്ന ആഗ്രഹം സുൽഫത്തിന്റെ മനസ്സിൽ ഉദിച്ചത് . പക്ഷേ പഠന ചിലവ് ആ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും തന്റെ പഠന മികവിൽ സുൽഫത്തിന് വലിയ വിശ്വാസമായിരുന്നു ഉണ്ടായിരുന്നത്. മികച്ച രീതിയിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടുക എന്നതായിരുന്നു സുൽഫത്തിന്റെ തീരുമാനം. പരീക്ഷയിൽ 98.5 ശതമാനം മാർക്കാണ് സുൽഫത്ത് കരസ്ഥമാക്കിയത്.
കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ സർക്കാർ സീറ്റിൽ ആയിരുന്നു സുല്‍ഫത്തിന് പ്രവേശനം ലഭിച്ചത്. പക്ഷേ ഫീസ് അടക്കണം എന്ന സര്ക്കാര്‍ ഉത്തരവ് സുൽഫത്തിനെയും കുടുംബത്തെയും വല്ലാതെ വിഷമിപ്പിച്ചു. 11 ലക്ഷം രൂപയായിരുന്നു കെട്ടി വയ്ക്കേണ്ടത്. ഇത് ആ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അവിടെ രക്ഷ ആയത് മുൻ സ്പീക്കർ പീ ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ്. ഓ ബീ സീ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഇളവില്ല എന്ന പ്രശ്നത്തില്‍ അദ്ദേഹം ഇടപെട്ടു. നേരത്തെ എസ് സീ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മാത്രമായിരുന്നു സഹായവും ആനുകൂല്യവും ലഭിച്ചിരുന്നത്. ഇത് സ്പീക്കർ ശ്രീരാമകൃഷ്ണൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് പഠന ചെലവ് ഫിഷറീസ് വകുപ്പ് വഴി അടക്കാനുള്ള തീരുമാനമായി. സുൽഫത്തിന് മാത്രമല്ല മറ്റ് കുട്ടികൾക്കും
ഇത് നേട്ടമാകും.
ആറു മാസത്തെ ഹൗസ് സർജൻസി കൂടി കഴിഞ്ഞാൽ സുൽഫത്ത് എംബിബിഎസ് പൂർത്തിയാക്കും. ഇത് കഴിഞ്ഞ് പീ ജീ ചെയ്യാനാണ് സുൽഫത്ത് ആഗ്രഹിക്കുന്നത്. ശേഷം കാർഡിയോളജി ഡോക്ടറായി സേവനം നടത്താനാണ് സുൽഫത്തിന്റെ തീരുമാനം.