സംസ്ഥാനത്ത് മദ്യത്തിന് നേരിടുന്നത് രൂക്ഷമായ ക്ഷാമം; ജനപ്രിയ ബ്രാന്റുകള്‍ കിട്ടാനില്ല
കേരളത്തിൽ മദ്യത്തിന് നേരിടുന്നത് രൂക്ഷമായ ക്ഷാമം. ഡിസ്റ്റലറികൾ പൂട്ടുകയും ചില മധ്യ കമ്പനികൾ സപ്ലൈ അവസാനിപ്പിക്കുകയും ചെയ്തു . സിവിൽ സപ്ലൈസില്‍ ജനപ്രിയ വിദേശ മദ്യ ബ്രാൻഡുകൾക്ക് കടുത്ത ക്ഷാമം ആണ് നേരിടുന്നത്. ഇപ്പോൾ നിലവില്‍ സ്റ്റോക്ക് ഉള്ളത് വളരെ കുറച്ച് ജനപ്രിയ ബ്രാന്റുകളും ചില വിദേശനിർമ്മിത മദ്യവും മാത്രമാണ്. ഗോഡൗണിലെ സ്റ്റോക്കും തീർന്നിരിക്കുകയാണ്. നിലവിൽ സുലഭമായി ലഭ്യമായിട്ടുള്ളത് വൈനും ബിയറും മാത്രമാണ്.
മുന്തിയ ബാറുകളിൽ മാത്രമാണ് മദ്യത്തിന് ഇപ്പോള്‍ ക്ഷാമം ഇല്ലാത്തത്. എന്നാൽ അവിടെ കയറി മദ്യം കഴിക്കുക എന്നത് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന കാര്യമല്ല. ഒരു ഫുൾ ബോട്ടിൽ മദ്യത്തിന് 1400 രൂപയ്ക്ക് മുകളിലാണ് വില. ഏറ്റവും ജനപ്രിയ ബ്രാന്റായ ജവാൻ ചിലപ്പോഴൊക്കെ ബെവ്കോയില്‍ എത്താറുണ്ടെങ്കിലും സ്റ്റോക്ക് വേഗം തന്നെ അവസാനിക്കുകയാണ് ചെയ്യാറുള്ളത്.
സ്പിരിറ്റിന്റെ വില ഗണ്യമായി കൂടിയതാണ് കമ്പനികൾ ഉത്പാദനം കുറയ്ക്കാൻ കാരണം. നേരത്തെ 60 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 76 രൂപയായി. എന്നാൽ ടേൺ ഓവർ ടാക്സ് ഒഴിവാക്കിയാൽ മദ്യവില കൂട്ടാതെ മദ്യ നിർമ്മാതാക്കൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. ഇതുതന്നെയാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നതും.
മദ്യത്തിന് ദൌര്‍ലഭ്യം ഉണ്ടായതോടെ ഒരു ദിവസത്തെ വരുമാനം 41 കോടിയിൽ നിന്നും 30 കോടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. പ്രതിദിനം 20 ലക്ഷത്തിന്റെ വിൽപ്പന ഉണ്ടായിരുന്ന കൊല്ലത്തെ ഒരു ഷോപ്പിൽ കഴിഞ്ഞ ദിവസം നാല് ലക്ഷത്തിന്റെ വിൽപ്പന മാത്രമാണ് നടന്നത്. അതേസമയം മദ്യക്ഷമം കനക്കുന്നതോടെ അനധികൃത മദ്യ വില്‍പ്പനയും വാറ്റും സജീവമാകും എന്നാണ് എക്സൈസ് ഭയപ്പെടുന്നത്. കൂടാതെ രാസ ലഹരികളിലേക്ക് യുവാക്കൾ വഴുതിവീഴാനുമുള്ള സാധ്യതയുണ്ട്.