“പണമുണ്ടെങ്കില്‍ മാത്രം മക്കളെ പഠിക്കാന്‍ വിട്ടാല്‍ മതി” ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിനിയെയും കുടുംബത്തിനെയും സഹപാഠികളുടെ മുന്നിൽവെച്ച് അപമാനിച്ചു
ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയെയും കുടുംബത്തെയും പരസ്യമായി കോളേജ് അധികൃതർ അപമാനിച്ചു. കൂടാതെ രണ്ടുദിവസത്തിനകം ഫീസ് അടച്ചില്ലെങ്കിൽ ക്ലാസിന് പുറത്ത് നിൽക്കേണ്ടി വരുമെന്ന ഭീഷണിയും മുഴക്കിയിരിക്കുകയാണ് അധികൃതർ. മറ്റു കുട്ടികളുടെ മുന്നിൽവെച്ച് ആയിരുന്നു ഇത്തരത്തിൽ വിദ്യാർത്ഥിനിയോട് പെരുമാറിയത്. നെടുങ്കണ്ടം എസ്എം ഇ നേഴ്സിങ് കോളജിലാണ് സംഭവം നടന്നത്.
സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും ഫീസ് അടയ്ക്കാൻ കുറച്ചുകൂടി സാവകാശം ആവശ്യമാണെന്നും വിദ്യാർഥിനിയുടെ രക്ഷിതാവ് താഴ്മയായി പറഞ്ഞെങ്കിലും അത് കേൾക്കാൻ അധികൃതര്‍ തയ്യാറായില്ല. കയ്യിൽ കാശുണ്ടെങ്കിൽ മാത്രം കുട്ടികളെ പഠിപ്പിക്കാൻ അയച്ചാൽ മതി എന്നതായിരുന്നു അധികൃതരുടെ പരിഹാസം. മറ്റു കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു ഇത്തരത്തിൽ അധികൃതർ വിദ്യാർഥിനിയോടും രക്ഷിതാവിനോടും മോശമായി പെരുമാറിയത്.
ചുരുങ്ങിയ ദിവസത്തിനുള്ളിൽ 72,500 രൂപ എങ്ങനെയെങ്കിലും സംഘടിപ്പിച്ച് മകളുടെ പഠനം തുടർന്നുകൊണ്ട് പോകുവാൻ പെടാപ്പാട് പെടുകയാണെന്ന് എസ് എം ഇ നേഴ്സിങ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനിയും കുടുംബവും പറയുന്നു.
പത്തനംതിട്ട കോട്ടങ്ങൾ സ്വദേശിനെയാണ് പ്രസ്തുത വിദ്യാർഥിനി. അച്ഛൻ മേസ്തിരി പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. സ്വന്തമായി വീടില്ലാത്ത ഇവർ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. പണം വായ്പ്പെടുത്താണ് വിദ്യാർത്ഥിനിയുടെ പഠനം നടത്തി വരുന്നത്.
അതേ സമയം ഇനിയും രണ്ട് സെമസ്റ്ററുടെ ഫീസ് കൂടി വിദ്യാർത്ഥിനി കോളേജിൽ അടയ്ക്കാൻ ഉണ്ടെന്നും അത് അടക്കാത്ത പക്ഷം പരീക്ഷ എഴുതാൻ ആവില്ല എന്ന് രക്ഷിതാക്കളോട് ഓർമ്മിപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.