ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആര് സമാധാനം പറയുമായിരുന്നു; ഇത് ഞെട്ടിക്കുന്ന സംഭവം. ഹൈക്കോടതി
കൊച്ചി പനമ്പിള്ളി നഗറിലെ കാനയിൽ വീണ് മൂന്നു വയസ്സുകാരന് പരിക്ക് പറ്റിയ സംഭവം ഞെട്ടിച്ചുകളഞ്ഞുവെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ ഓടകൾ തുറന്നു കിടക്കുന്നത് ശരിയാണോ എന്നു ഹൈക്കോടതി കോർപ്പറേഷൻ സെക്രട്ടറിയോട് ചോദിച്ചു. ഇത് നേരിട്ട് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് സെക്രട്ടറി തന്നെ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് കോടതി അറിയിച്ചു.
കുട്ടികൾക്കും കൂടി ഉള്ളതാണ് ഈ പൊതു നിരത്ത്. അത് മുതിർന്നവർക്ക് വേണ്ടി മാത്രം ഉള്ളതല്ല. ആ കുട്ടിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ആരു സമാധാനം പറയുമായിരുന്നു എന്ന് കോടതി ചോദിച്ചു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം തുടര്‍ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ക്ഷമ ചോദിച്ച കോർപ്പറേഷൻ സെക്രട്ടറി അധികം വൈകാതെ തന്നെ ഓവു ചാലുകൾക്ക് സ്ലാബുകൾ ഇടുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം രാത്രി 7 മണിക്കാണ് മെട്രോയിൽ നിന്ന് ഇറങ്ങി മാതാവിന്റെ ഒപ്പം വരുന്ന കുട്ടി അപ്രതീക്ഷിതമായി കാനയിൽ വീണത്. ഒപ്പം ഉണ്ടായിരുന്ന അമ്മ ഉടൻതന്നെ കുട്ടിയെ പിടിച്ചതു കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. നിലവിൽ ഈ കുട്ടി ആശുപത്രിയിലാണ്. ഭാഗ്യം കൊണ്ടാണ് കുട്ടിക്ക് ഒന്നും പട്ടതിരുന്നത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം നേരത്തെ തന്നെ ഇത്തരത്തില്‍ അപകടകരമായ ഈ കാന മൂടണമെന്ന് അധികൃതരെ അറിയിച്ചിരുന്നു. പരിസരവാസികളും കൗൺസിലറും നിരന്തരം ഇത് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതുമായി ബന്ധപ്പെറ്റു അധികൃതർ ഉചിതമായ നടപടി സ്വീകരിച്ചില്ല. ഇതാണ് അപകടത്തിന് കാരണമായത്.