ഈ വിഭവം കഴിക്കണോ 30 വർഷം വരെ കാത്തിരിക്കണം; ജപ്പാന്‍കാരുടെ പ്രിയപ്പെട്ട ബീഫ് കട്ലറ്റിനെ കുറിച്ച്
ഹോട്ടലിൽ പോയി ഭക്ഷണം ഓർഡർ ചെയ്ത നിമിഷങ്ങൾക്കകം കിട്ടണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. കുറച്ചു വൈകിയാൽ ദേഷ്യം വരുമെന്ന് മാത്രമല്ല ക്ഷമ നശിച്ചു മറ്റൊരു ഹോട്ടലിലേക്ക് ആഹാരം തേടി പോവുകയും ചെയ്യും. അങ്ങനെയുള്ളവർ മനസ്സിലാക്കിക്കോളൂ ജപ്പാൻകാർ അവരുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവത്തിനു വേണ്ടി 30 വർഷം വരെ കാത്തിരിക്കാൻ തയ്യാറാണ്. ജപ്പാനില്‍ നിന്നുള്ള തണുപ്പിച്ച പ്രത്യേകതരം ഒരു കട്ലറ്റ് ആണ് നമ്മുടെ താരം. നിലവിലത്തെ സാഹചര്യമനുസരിച്ച് ഇപ്പോൾ ഓർഡർ ചെയ്താൽ 30 വർഷം കഴിഞ്ഞായിരിക്കും ഈ വിഭവങ്ങൾ ലഭിക്കുക. അത്രത്തോളം ജനപ്രിയമാണ് ഇത്.
ജപ്പാനിൽ ഉള്ള ഹോഗ്യ പ്രിഫെക്ച്ചറിലെ തക്കാസാഗോ സിറ്റിയിൽ ഒരു കുടുംബമാണ് ഈ ഭക്ഷണം ഉണ്ടാക്കി വിൽപ്പന നടത്തുന്നത്. 1926 മുതൽ തന്നെ ഇവർ ഈ വിഭാഗം വിൽപ്പന നടത്തുന്നുണ്ട്. പക്ഷേ രണ്ടായിരത്തോടെയാണ് ഇതിന് കൂടുതൽ ജനപ്രീതി ലഭിക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്നു ഈ വിഭവം ഓർഡർ ചെയ്താൽ 30 വർഷം വരെ കാത്തിരിക്കണം കയ്യിൽ കിട്ടാൻ.
ഇവർ ഓൺലൈൻ ആയി ഭക്ഷണം വിൽപ്പന നടത്താൻ തുടങ്ങിയത് 1999 ലാണ്. ആദ്യമൊന്നും വലിയ പ്രചാരം ലഭിച്ചില്ലെങ്കിലും പിന്നീട് ഒരു മാർക്കറ്റിംഗ് സ്ട്രാറ്റജി എന്ന നിലയിൽ ഉപഭോക്താക്കൾക്ക് ട്രയലായി കട്ലറ്റിന്റെ ഒരു പീസ് വാഗ്ദാനം ചെയ്തു. ഇഷ്ടപ്പെട്ടാൽ കൂടുതൽ ഓർഡർ ചെയ്യാം എന്ന നിലയിൽ ആയിരുന്നു ട്രയൽ വിതരണം. സംഭവം വിജയമായി. എല്ലാവർക്കും ഈ ഭക്ഷണം വളരെയധികം ഇഷ്ടപ്പെട്ടു. ഇതോടെ ആവശ്യക്കാരുടെ എണ്ണവും വർദ്ധിച്ചു.
എന്ന് കരുതി ഇതിൻറെ ഗുണനിലവാരത്തിൽ കുറവ് വരുത്താൻ ഇവർ ഒരുക്കമായിരുന്നില്ല. പ്രതിദിനം 200 കട്ലറ്റുകൾ മാത്രമേ ഇവർ ഉണ്ടാക്കുകയുള്ളൂ. ആവശ്യമുള്ളവർ നേരത്തെ തന്നെ ഓർഡർ ചെയ്യണം. 30 വർഷത്തേക്കുള്ള ഓർഡർ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. 300 രൂപയാണ് ഒരു കട്ട്ലറ്റിന്റെ വില.