ഷക്കീല വരുന്ന വിവരം ഒമർ പറഞ്ഞത് അവസാന നിമിഷം. ചെറിയ പരിപാടിയാണെന്ന് മാത്രമാണ് അറിയിച്ചിരുന്നത്; മാൾ അധികൃതരുടെ വിശദീകരണം ഇങ്ങനെ
നല്ല സമയം എന്ന ചിത്രത്തിൻറെ ടൈലർ ലോഞ്ച് അവസാന നിമിഷം റദ്ദ് ചെയ്ത സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെ അധികൃതർ രംഗത്ത്. ഷക്കീല പങ്കെടുക്കുന്നു എന്ന കാര്യം പോസ്റ്റർ ഷെയർ ചെയ്തപ്പോഴാണ് അറിഞ്ഞത് എന്നാണ് മാളിന്റെ മാർക്കറ്റിംഗ് മാനേജരായ തൻവീർ പറയുന്നത്. അതിഥികൾ ഉണ്ടെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരത്തെ തന്നെ പൂര്ത്തിയാക്കേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
പ്രമോഷനുമായി ബന്ധപ്പെട്ട് ഒമർ വിളിക്കുന്നത് വെള്ളിയാഴ്ച രാവിലെയാണ്. അപ്പോൾ ഷക്കീല എത്തും എന്ന കാര്യം അദ്ദേഹം പറഞ്ഞിരുന്നില്ല. പിന്നീട് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ ഷെയർ ചെയ്തപ്പോഴാണ് ഷക്കീല അതിഥിയായി എത്തുന്ന കാര്യം അറിയുന്നത്. പിന്നീട് നിരവധി തവണ ഒമറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് തൻവീർ പറയുന്നു.
പങ്കെടുക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് ലഭിച്ചതിനു ശേഷം ആണ് സാധാരണ ഇത്തരത്തിലുള്ള പരിപാടികൾക്ക് അനുമതി നൽകാറുള്ളത്. മാളിൽ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട ചില നടപടിക്രമങ്ങൾ ഉണ്ട്. സെലിബ്രറ്റികളുമായി ബന്ധപ്പെട്ട പട്ടിക നേരത്തെ തന്നെ പോലീസിന് കൈമാറണം. ഒമര്‍ ലുലുവുമായി സംസാരിച്ചതിനു ശേഷം രണ്ടുപേരുകൾ മാത്രം ഉൾപ്പെടുത്തിയാണ് പോലീസിന് കത്ത് നൽകിയത്. എന്നാൽ ഷക്കീല പങ്കെടുക്കുകയാണെങ്കിൽ വലിയ ജനത്തിരക്കുണ്ടാകും എന്ന ചിന്ത അധികൃതർക്ക് ഉണ്ടായിരുന്നു. നേരത്തെ ഇത്തരത്തിൽ വലിയ താരങ്ങൾ പങ്കെടുത്തു കൊണ്ട് നടത്തിയ പരിപാടിയിൽ നടിമാര്‍ക്ക് മോശം അനുഭവം ഉണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് മുൻകൂട്ടി അറിയിക്കണം എന്ന് പറഞ്ഞതെന്ന് തൻവീർ പറയുന്നു.