48500 വർഷം പഴക്കമുള്ള സൈബീരിയൻ വൈറസ് ഉണർന്നു; ഉണർത്തിയത് ഗവേഷകർ
ഹിമയുഗം തൊട്ട് റഷ്യയിലുള്ള സൈബീരിയൻ പെർമഫ്രോസ്റ്റിന്റെ അഗാധ തലങ്ങളിൽ മറഞ്ഞിരിക്കുക ആയിരുന്ന അതി പുരാതനമായ വൈറസുകളെ ഗവേഷകർ വീണ്ടും ഉണർത്തിയിരിക്കുകയാണ്. ഏറെ ശ്രമപ്പെട്ടാണ് ഗവേഷകര്‍ ഇതു സാധ്യമാക്കിയത്
പലവിധത്തിലുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇത് മണ്ണും മഞ്ഞുമായി കലർന്ന് ആഴങ്ങളിൽ സുരക്ഷിതമായി കഴിയുകയായിരുന്നു. മഞ്ഞുരുകിയതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ വൈറസുകള്‍ പുറത്തു വന്നത്. എന്നാല്‍ ഈ വൈറസുകള്‍ ഭാവിയില്‍ എന്തുതരം ഭീഷണിയാണ് മനുഷ്യനില്‍ സൃഷ്ടിക്കുക എന്നു പഠന വിധേയമാക്കുക എന്നതാണു ഇതിന് പിന്നിലെ പ്രധാന ഉദ്ദേശം.
പെർമഫ്രോസ്റ്റ് എന്നത് പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ ഉള്ള ഊഷ്മാവിൽ കാണപ്പെടുന്ന മണ്ണാണ്. ഇത് മണ്ണും മഞ്ഞും ഇടകലർന്ന നിലയിലാണ് സാധാരണ ഉണ്ടാവുക. ഈ മണ്ണില്‍ നിന്നും അഞ്ചു വ്യത്യസ്ത ഗ്രൂപ്പുകളിൽ പെടുന്ന 13 ഓളം വൈറസുകളെയാണ് ഇപ്പോൾ ഗവേഷകർ പുനരുജ്ജീവിപ്പിച്ചത്. ഇക്കൂട്ടത്തിലാണ് 48500 വർഷം പഴക്കമുള്ള ഒരു വൈറസിനെ ഗവേഷകർ വീണ്ടും ഉണർത്തിയത്. ഇന്നോളം ശാസ്ത്രലോകം കണ്ടിട്ടില്ലാത്ത അത്ര പഴക്കം ചെന്ന ഒരു വൈറസ് ആണിത്.
നേരത്തെ പ്രാചീന കാലത്ത് ജീവിച്ചിരുന്ന മാമത്തുകളുടെ അവശിഷ്ടത്തിൽ നിന്നും കണ്ടെത്തിയ വൈറസുകളെയും ഗവേഷകർ ഇത്തരത്തിൽ പുനരുജീവിപ്പിച്ചിരുന്നു. ഇത് മനുഷ്യ ശരീരത്തിലേക്ക് കടന്നു കയറാനുള്ള സാധ്യത അവർ തള്ളിക്കളഞ്ഞിട്ടില്ല. പഠനത്തിന്റെ ഭാഗമായി മൺമറഞ്ഞ പല ജീവികളുടെയും അവശിഷ്ടങ്ങൾ ഗവേഷകർ വെളിച്ചത്തു കൊണ്ടുവന്നിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുപോലെ പ്രാചീന കാലത്ത് ജീവിച്ചിരുന്ന നിരവധി വൈറസുകളെ ഗവേഷകർ കണ്ടെത്തിയിരുന്നു. ചൈന മുൻപൊരിക്കൽ നടത്തിയ ഗവേഷണത്തിൽ പടിഞ്ഞാറൻ കുന്ലൂന്‍ ഷാന്‍ പ്രദേശത്തെ മഞ്ഞുപാളിയിൽ നിന്നും 33 ൽ അധികം വൈറസുകളെയാണ് കണ്ടെത്തിയത്.