വറുതിയുടെ കാലത്ത് ഭക്ഷണം നൽകിയത് ഭിക്ഷാടനം; കാലം മാറിയിട്ടും പഴയതൊന്നും ജലജ മറന്നില്ല; ഭിക്ഷാടകർക്ക് നാലു നേരം സൗജന്യമായി ഭക്ഷണം വിളമ്പി വീട്ടമ്മ
ഒന്നുമില്ലായ്മയിൽ ഭിക്ഷാടനത്തിലൂടെ വയറിന്റെ വിശപ്പ് മാറ്റിയിരുന്ന വീട്ടമ്മ തന്റെ ഉയർച്ചയുടെ കാലത്തും അതൊന്നും മറന്നില്ല. ബാല്യകാലത്ത് ഭിക്ഷാടനം നടത്തിയാണ് ജലജയെ അമ്മ ഊട്ടിയത്. ഇപ്പോൾ ജലജയ്ക്ക് പട്ടിണി യില്ല. നല്ല നിലയിലാണ് ജലജ കഴിയുന്നത്. അതുകൊണ്ടുതന്നെ ഒരു പങ്ക് ഭിക്ഷയായി നൽകിയാണ് ജലജ തന്റെ നല്ല കാലത്തിനോടുള്ള നന്ദി അറിയിക്കുന്നത്. തന്റെ ചെറിയ സമ്പാദ്യങ്ങൾ കൂട്ടി വച്ചാണ് അവർ ഭിക്ഷാടകർ ക്ക് ഒരുനേരത്തെ ആഹാരം നൽകുന്നത്.
ജലജ തൊഴിലുറപ്പ് ജോലി ചെയ്യുന്നുണ്ട്. ഇതിലൂടെ കിട്ടുന്ന പണമാണ് ജലജ അന്നദാനത്തിനു വേണ്ടി മാറ്റിവയ്ക്കുന്നത്. ജലജയുടെ അമ്മ ഓച്ചിറ ക്ഷേത്ര പരിസരത്ത് ഭിക്ഷയെടുത്തും അച്ഛൻ പെട്ടിക്കട നടത്തിയുമൊക്കെയാണ്
ജലജയെ വളർത്തിയത്. അച്ഛന്റെ പെട്ടിക്കടയിലെ മിക്ക ഇടപാടുകാരും ഭിക്ഷാടകർ ആയിരുന്നു. ജലജയുടെ ചെറുപ്പത്തിലെ സുഹൃത്തുക്കളും സഹപാഠികളുമൊക്കെ ഭിക്ഷാടകരുടെ കുടുംബത്തിൽ നിന്നും ഉള്ളവരായിരുന്നു. പിന്നീട് കഷ്ടപ്പാടുകൾക്ക് അവസാനം വരികയും ജലജയുടെ കുടുംബം ഒരുവിധം രക്ഷപ്പെടുകയും ചെയ്തു.
ജലജയ്ക്ക് മൂന്ന് മക്കൾ ഉണ്ട്. അവർ കൊല്ലത്ത് സ്വന്തമായി കടകളും മറ്റും നടത്തി തരക്കേടില്ലാത്ത നിലയിലാണ് ജീവിക്കുന്നത്. കഴിഞ്ഞ 10 വർഷമായി മുടങ്ങാതെ ജലജ വൃശ്ചിക മാസത്തിൽ പടനിലത്ത് ഭജനമിരിക്കാൻ എത്താറുണ്ട്. ഈ സമയത്താണ് ഭിക്ഷാടകർക്കു അന്നം നൽകുന്നത്. ദിവസം 25 പേർക്ക് വീതം രാവിലെ ചായയും 11:00 മണിക്ക് കഞ്ഞിയും ഉച്ചയ്ക്ക് ചോറും നൽകും. എല്ലാ ദിവസവും വൈകുന്നേരം 25 കിലോയോളം കപ്പയും മറ്റും നൽകുകയും ചെയ്യും. ഇതുകൂടാതെ ഇടസമയങ്ങളില് 300 ഓളം പേർക്ക് നാരങ്ങാവെള്ളവും നൽകുന്നുണ്ട്. ഭിക്ഷാടകർ ഇരിക്കുന്ന സ്ഥലത്ത് നേരിട്ടെത്തിയാണ് നൽകാറുള്ളത്. തൊഴിലുറപ്പിലൂടെ ലഭിക്കുന്ന പണം സ്വരൂപിച്ചാണ് ഭക്ഷണച്ചിലവിനുള്ള വക കണ്ടെത്തുന്നത്.