വാട്സ്ആപ്പ് മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിനുള്ളിൽ കാര്യങ്ങൾ സംഭവിക്കുന്നു; പിന്നിൽ വീട്ടിലെ തന്നെ കൗമാരക്കാരൻ; വീട്ടുകാരെ കബളിപ്പിക്കാന്‍ കൌമാരക്കാരന്‍ കണ്ടെത്തിയ വഴി ഇങ്ങനെ
വാട്സാപ്പിൽ മെസ്സേജ് വരുന്നത് അനുസരിച്ച് വീട്ടിനുള്ളിൽ കാര്യങ്ങൾ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നത്. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് ഇലക്ട്രീഷ്യനായ രാജന്റെ വീട്ടിലാണ് അതി വിചിത്രമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്. ഈ വിഷയം വലിയ വാർത്തയായി മാറിയിരുന്നു. ഒടുവിൽ സൈബർ സെല്ലും മറ്റും കേസിൽ വിശദമായി അന്വേഷണം നടത്തി. വീട്ടിലെ തന്നെയുള്ള കൗമാരക്കാരന്റെ വിനോദമാണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് വിശദമായ അന്വേഷണത്തിന് ശേഷം പോലീസ് കണ്ടെത്തി.
വീട്ടിലുള്ളവരെ പറ്റിക്കുന്നതിനു വേണ്ടി ആരംഭിച്ച ഒരു വിനോദം പിന്നീട് കൈവിട്ടു പോവുകയായിരുന്നു. വീട്ടിലുള്ളവരുടെ ഫോണുകൾ ഒരു പ്രത്യേക ആപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ച് ആയിരുന്നു കഴിഞ്ഞ മൂന്ന് മാസമായി കുട്ടി എല്ലാവരെയും കബളിപ്പിച്ചത്.
ഉടൻ മോട്ടർ ഓണാകും, ഫാൻ ഓഫാകും കറണ്ട് പോകും തുടങ്ങിയ സന്ദേശങ്ങൾ ലഭിച്ച് അധികം വൈകാതെ തന്നെ ഇതെല്ലാം സംഭവിച്ചതോടെ വീട്ടുകാർ ആകെ അന്ധാളിപ്പിലായി. നാട്ടില്‍ ഈ വാര്‍ത്തയ്ക്ക് വലിയ പ്രചരണമാണ് ലഭിച്ചത്. സംഭവം ലോക്കൽ ചാനലുകൾ റിപ്പോർട്ട് ചെയ്തതോടെ സമൂഹ മാധ്യമത്തിൽ വിഷയം വലിയ ചർച്ചയായി മാറി. സന്ദേശം അയച്ചതിനു ശേഷം കുട്ടി തന്നെയായിരുന്നു ഫാൻ ഓഫാക്കുകയും മോട്ടോർ ഓണാക്കുകയും ഒക്കെ ചെയ്യുക ആയിരുന്നു.
സൈബർ പോലീസ് വിശദമായി നടത്തിയ പരിശോധനയിലാണ് ഫോണിനുള്ളിൽ ആപ്പുകൾ കണ്ടെത്തിയത്. സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ കുട്ടിക്കു വിശദമായ കൗൺസിലിംഗ് നടത്തിയതിനു ശേഷം ബന്ധുക്കളുടെ ഒപ്പം അയക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തോളമായി തുടരുന്ന അസ്വാഭാവികമായ സംഭവങ്ങൾക്ക് വിരാമമായി.