ശുചിമുറി അന്വേഷിച്ചു പോയ കൃഷ്ണൻകുട്ടി നായർ കോച്ച് മാറിക്കയറി; ടിക്കറ്റ് ഇല്ലാത്തതിനാൽ ടി ടി ഇ ഇറക്കിവിട്ടു; ഒടുവിൽ വയോധികനെ കണ്ടെത്തിയത് ഈറോഡിൽ നിന്ന്; സഹായകമായത് ഒരു മലയാളിയുടെ നല്ല മനസ്സ്
ട്രെയിൻ യാത്രയ്ക്കിടെ കാണാതായ തൃശ്ശൂർ സ്വദേശിയായ വയോധികനെ ഒടുവിൽ കണ്ടെത്തി. തൃശൂർ സ്വദേശിയായ കൃഷ്ണൻകുട്ടി നായർ എന്ന 74കാരനെയാണ് കാണാതായത്. സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. തിരുവനന്തപുരം ചെന്നൈ മെയിലില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തെ ഈറോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും കാണാതാകുന്നത്.
കൃഷ്ണൻകുട്ടിയും കുടുംബവും സ്ലീപ്പർ ക്ലാസിൽ ആയിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രാമധ്യേ ശുചിമുറി തിരക്കി പോയ ഇദ്ദേഹം പിന്നീട് തിരികെ വന്നില്ല. അദ്ദേഹത്തിന് ഓർമ്മക്കുറവുണ്ട്. സുചിമുറി തിരക്കി പോയ ഇദ്ദേഹം അടുത്ത കമ്പാർട്ട്മെന്റിൽ കയറുക ആയിരുന്നു. ഇവിടെയെത്തിയ ഇദ്ദേഹത്തിനോട് ടീ ടീ ഇ ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് കയ്യില്‍ ഇല്ലാത്തതിനാൽ ജനറൽ കമ്പാർട്ട്മെന്റില്‍ തന്നെ യാത്ര തുടരാൻ ആവശ്യപ്പെട്ടു ഇദ്ദേഹത്തെ ടി ടി ഈ ഇറക്കി വിടുക ആയിരുന്നു. എന്നാല്‍ ഇദ്ദേഹം പ്ലാറ്റ്ഫോമിൽ ഇറങ്ങി, ജനറൽ കമ്പാർട്ട്മെന്റിൽ കയറേണ്ടതിന് പകരം സ്റ്റേഷന് പുറത്തേക്കു നടക്കുക ആയിരുന്നു. വഴിയിൽ വെച്ച് കണ്ട ഉമ്മർ എന്ന മലയാളിയാണ് പിന്നീട് കൃഷ്ണൻകുട്ടിയെ സഹായത്തിന് എത്തുന്നത്. വഴിതെറ്റി വന്ന ആൾ ആണെന്ന് മനസ്സിലാക്കിയ ഉമ്മർ കൃഷ്ണൻകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ഭക്ഷണവും മറ്റും നൽകി. തുടർന്ന് കൃഷ്ണൻകുട്ടിയോട് ഉമ്മർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം കൃഷ്ണൻകുട്ടിയുടെ മകനെ ഉമ്മർ തന്നെ വിവരം അറിയിക്കുക ആയിരുന്നു. ഉമ്മറിന്റെ സമയോചിതമായ ഇടപെടലാണ് കൃഷ്ണൻകുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നത്.