പഠിക്കാൻ പ്രായം ഒരു തടസ്സമല്ല; 81ആം വയസ്സിൽ ഡിഗ്രി പരീക്ഷ എഴുതാൻ രാമചന്ദ്രൻ; കൊല്ലം തട്ടാമല സ്വദേശി രാമചന്ദ്രനെ അലട്ടുന്ന പ്രശ്നം ഒന്നുമാത്രം
പഠനത്തിന് പ്രായം ഒരിക്കലും ഒരു തടസ്സമല്ലെന്ന് നിരവധി പേരിലൂടെ ലോകം മാതൃക കാട്ടിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരാളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ നിറയുന്നത്. കൊല്ലം തട്ടാമല മണിമന്ദിരത്തിൽ ജി രാമചന്ദ്രൻ ആണ് തന്റെ 81ആം വയസ്സിലും പഠനം തുടരുന്നത് . കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ബിരുദ പരീക്ഷ എഴുതാനായി ഡോൺ ബോസ്കോ കോളേജിൽ എത്തിയത്.
പരീക്ഷ നടക്കുന്നത് മൂന്നാം നിലയിലെ ഹാളില്‍ ആയിരുന്നു. ലിഫ്റ്റ് ഉണ്ടായിരുന്നിട്ടു കൂടി ഇദ്ദേഹം നടന്നാണ് ഹാളിലേക്ക് കയറി വന്നത്. 81 വയസ്സിലും രാമചന്ദ്രന്റെ ചുറുചുറുക്കും പ്രസരിപ്പും വിദ്യാർത്ഥികൾക്കും വലിയ മാതൃകയായി മാറി . രാമചന്ദ്രൻ തട്ടാമലയിൽ ഉള്ള സഹകരണ സ്ഥാപനത്തിൽ നിന്നും 58 ആമത്തെ വയസ്സിൽ വിരമിച്ചിരുന്നു. അതിനു ശേഷം ആണ് ഉപരിപഠനം നടത്താൻ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി 2019 അദ്ദേഹം പ്ലസ് ടു പാസായി. തുടർന്ന് കേരള സർവകലാശാലയിൽ ഡിസ്റ്റൻസ് സ്റ്റഡീസിൽ സോഷ്യോളജി ബിരുദ കോഴ്സിന് ചേർന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹം നാലാം സെമസ്റ്റര്‍ പരീക്ഷകായാണ് ഡോൺ ബോസ്കോ കോളേജിൽ എത്തിയത്. പഠനത്തിനോട് വളരെയധികം താല്പര്യമുണ്ടെങ്കിലും പ്രായാധിഖ്യം മൂലമുള്ള ഓർമ്മക്കുറവാണ് പ്രധാന പ്രശ്നം. പക്ഷേ മുൻപത്തെ സെമസ്റ്റർ പരീക്ഷയിൽ ഈ ഓർമ്മക്കുറവ് അതിജീവിച്ച് മികച്ച വിജയം നേടാന്‍ രാമചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. ആ ആത്മവിശ്വാസമാണ് അദ്ദേഹത്തിന് കൈമുതലായി ഉള്ളത്. അദ്ദേഹത്തിന്റെ മകൻ മനു ഫിഷറീസ് വകുപ്പിൽ ഉദ്യോഗസ്ഥനും മകൾ മായ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമാണ്.