കല്യാണ ചെറുക്കന്റെ പ്രായം 78; പെണ്ണിന് പ്രായം 61; വിവാഹത്തിന് സാക്ഷികളായത് മക്കളും കൊച്ചുമക്കളും; തിരുവല്ലയിൽ നടന്ന അപൂർവ വിവാഹത്തെക്കുറിച്ച്
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം കഴിഞ്ഞ ദിവസം വളരെ കൗതുകം ഉണർത്തുന്ന ഒരു വിവാഹത്തിന് സാക്ഷ്യം വഹിച്ചു. വിവാഹത്തിന് പങ്കെടുത്ത ചെറുക്കന്റെ പ്രായം 78 വയസ്സും, പെണ്ണിനു 61 വയസ്സുമായിരുന്നു പ്രായം. ചിറയിൻകീഴ് സ്വദേശിയായ സോമൻ നായരും കുട്ടനാട് തലവടി സ്വദേശിയായ ബീനാ കുമാരിയും ആണ് മക്കളെയും കൊച്ചുമക്കളെയും സാക്ഷി നിർത്തി വിവാഹിതരായത്.
11 വർഷത്തോളമായി കിടപ്പിലായിരുന്ന സോമന് നായരുടെ ഭാര്യ അടുത്തിടെ മരണപ്പെട്ടിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ മൂന്ന് മക്കളും കൊച്ചുമക്കളും ഉൾപ്പെടെ ഉള്ളവരാണ് മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത്. മക്കൾ തന്നെയാണ് രണ്ട് മക്കളുടെ അമ്മയായ ബീന കുമാരിയെ വധുവായി തിരഞ്ഞെടുത്തത്. ബീനകുമാരിയുടെ ഭർത്താവ് 10 വർഷം മുൻപാണ് മരിച്ചത്.
സോമൻ നായർക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ എയർഫോഴ്സില്‍ ജോലി കിട്ടിയിരുന്നു. അവിടെ നിന്ന് വിരമിച്ചതിനു ശേഷമാണ് അദ്ദേഹം പ്രവാസിയായത്. നാട്ടില്‍ എത്തിയപ്പോള്‍ എഴുതിയ പിഎസ്സി പരീക്ഷയിലൂടെ സർക്കാർ സർവീസിൽ ജോലിക്ക് കയറി. അവിടെ നിന്നും ജൂനിയർ സൂപ്രണ്ടായാണ് വിരമിക്കുന്നത്.
49 വർഷമാണ് അദ്ദേഹം ദാമ്പത്യ ജീവിതം നയിച്ചത്. എന്നാൽ അവസാനത്തെ 11 വർഷം പങ്കാളിയുടെ ജീവൻ തിരിച്ചു പിടിക്കുന്നതിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു അദ്ദേഹം. പങ്കാളി നഷ്ടപ്പെട്ടതോടെ ജീവിതത്തിൽ കടുത്ത ഏകാന്തത അനുഭവിക്കാൻ തുടങ്ങി. അതിൽ നിന്ന് രക്ഷ കണ്ടെത്തുന്നതിനു വേണ്ടിയാണ് പൊതുപ്രവർത്തനത്തിന് ഇറങ്ങിയത്. പെൻഷൻകാരുടെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വേണ്ടി ഇറങ്ങിത്തിരിച്ചു. ആ സാഹചര്യത്തിലാണ് ഇത്തരം ഒരു ചിന്ത മനസ്സിലേക്ക് കടന്നു വരുന്നത്. നിലവിൽ രണ്ട് പെൻഷൻ വാങ്ങുന്നുണ്ട് സോമൻ നായർ . തന്റെ കാലശേഷം ആ പെൻഷൻ ആർക്കും ഇല്ലാതെ പോകും. അത് ആർക്കെങ്കിലും ഉപയോഗപ്പെടുകയാണെങ്കിൽ അത് നല്ലതല്ലേ എന്ന് സോമന് നായര്‍ ചോദിക്കുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണമാണ് ബീനകുമാരിയിൽ എത്തപ്പെട്ടത്. ഭർത്താവ് നഷ്ടപ്പെട്ടതിനു ശേഷം മകളെ വിവാഹം കഴിപ്പിച്ചു തനിച്ച് ജീവിതം നയിക്കുകയാണ് ബീനാകുമാരി.