കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം മരണം സംഭവിച്ചാല്‍ അതിനു സർക്കാർ ഉത്തരവാദികളല്ല; കേന്ദ്രം
കോവിഡിന്റെ പിടിയില്‍ നിന്നും ലോകം ഒരു പരിധിവരെ മുക്തി നേടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇപ്പോഴും കോവിഡിന്റെ പുതിയ പല വകഭേദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കണ്ടെത്തുന്നതായി വാർത്തകൾ വരുന്നുണ്ട്. പക്ഷേ ഇന്ന് ലോകരാജ്യങ്ങളിലൊന്നും അടച്ചിടൽ സാഹചര്യം നിലവിലില്ല. അതിന്റെ പ്രധാന കാരണം ഭൂരിഭാഗം പേരും വാക്സിനേഷൻ എടുത്തു എന്നതുതന്നെ. ചുരുങ്ങിയ കാലത്തെ ഗവേഷണത്തിന്റെ ഫലമായാണ് വാക്സിൻ ഓരോ രാജ്യങ്ങളും പുറത്തിറക്കിയത്. എന്നാൽ ഈ വാക്സിൻ കോവിഡിനെ പ്രതിരോധിക്കാൻ പരിപൂർണ്ണമായി ഫലപ്രദമല്ല എന്ന് വലിയൊരു വിഭാഗം വാദിക്കുന്നുണ്ട്. അതേസമയം വാക്സിൻ എടുത്തവരിൽ പലതരത്തിലുള്ള സൈഡ് ഇഫ്ഫക്ട്സും കണ്ടെത്തിയിട്ടുണ്ട്.
സാധാരണയായി ദീർഘകാലത്തെ പരീക്ഷണ ഗവേഷണകൾക്ക് ശേഷമാണ് ഒരു വാക്സിൻ പുറത്തിറക്കുന്നതും അത് മനുഷ്യരിൽ പരീക്ഷിക്കുന്നതും. എന്നാൽ കോവിഡിന്റെ കേസിൽ അതിനൊന്നും ഉള്ള സമയം ഉണ്ടായിരുന്നില്ല. പെട്ടെന്ന് കണ്ടെത്തുകയും അത് മനുഷ്യനില്‍ ഉപയോഗിക്കുകയുമായിരുന്നു. അതുകൊണ്ടുതന്നെ വാക്സിൻ സ്വീകരിച്ച പലരിലും പലതരത്തിലുള്ള സൈഡ് എഫക്സും ഉണ്ടായതായി വാർത്തകൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ വാക്സിന് സ്വീകരിച്ചതിനു ശേഷം മരണം സംഭവിക്കുകയാണെങ്കിൽ അതിന് സർക്കാർ ബാധ്യസ്ഥർ അല്ലെന്ന് തീർത്തു പറയുകയാണ് കേന്ദ്രം.
സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം നേടുക മാത്രമാണ് ഏക പ്രതിവിധി എന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നയം വ്യക്തമാക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം മരണപ്പെട്ട രണ്ട് യുവതികളുടെ രക്ഷിതാക്കൾ കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് സർക്കാരിന്റെ ഈ സത്യവാങ്മൂലം. കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ മരണവുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ അന്വേഷണം ആവശ്യമാണെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തതിനു ശേഷം ഉണ്ടാകുന്ന ഫലങ്ങളെക്കുറിച്ച് നേരത്തെ തന്നെ കണ്ടെത്തുന്നതിനും അത് സമയബന്ധിതമായി ചികിത്സിക്കുന്നതിനുള്ള പ്രോട്ടോകോൾ തയ്യാറാക്കുന്നതിന് വിദഗ്ധ മെഡിക്കൽ ബോർഡ് വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.