ജോലിയാണ് പ്രധാനം; വിവാഹ വേദിയിൽ ലാപ്ടോപ്പുമായി വരൻ; ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ
കൊറോണ വ്യാപകമായതോടെയാണ് വർക്ക് ഫ്രം ഹോം എന്ന പുതിയ രീതിക്കു തുടക്കമാകുന്നത്. ഓഫീസിൽ പോകാതെ തന്നെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുന്നതോടെ പുതിയൊരു തൊഴില് സംസ്കാരവും ഉടലെടുത്തു. ഏത് സമയത്തും എവിടെ ഇരുന്നും ജോലി ചെയ്യാൻ കഴിയുന്ന ഒരു സാഹചര്യം ഇതോടെ നിലവിൽ വന്നു എന്ന് ചുരുക്കം. കമ്പനികൾക്കും ഏറെ പ്രയോജനകരമാണ് ഈ രീതി. വിനോദയാത്രക്കിടയിൽ പോലും സമയം തിട്ടപ്പെടുത്തി ജോലി ചെയ്യാൻ ഇതുമൂലം കഴിയും. എന്നാൽ വിവാഹ ദിവസം ആരെങ്കിലും ജോലി ചെയ്യുമോ. അതും കല്യാണ മണ്ഡപത്തിൽ ഇരുന്ന്.
കല്യാണ മണ്ഡപത്തിൽ ഇരുന്ന് ജോലി ചെയ്യുന്ന ഒരു വരന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വലിയ തോതിൽ വൈറലായി മാറിയിരിക്കുന്നത്. ഈ ചിത്രം പങ്ക് വെച്ചിരിക്കുന്നത് കൊൽക്കത്ത ഇൻസ്റ്റഗ്രാമേഴ്സ് എന്ന instagram പേജിലാണ്. ചിത്രത്തിൽ രണ്ട് കാർമികര് അടുത്തിരുന്ന് പൂജ ചെയ്യുന്നുണ്ടെങ്കിലും വരന്റെ ശ്രദ്ധ മുഴുവൻ ലാപ്ടോപ്പിലാണ്. പൂജകൾക്കിടയിലും വരൻ ജോലിയിൽത്തന്നെ മുഴുകിയിരിക്കുകയാണ്. വർക്ക് ഫ്രം ഹോം മറ്റൊരു തലത്തിൽ എന്ന് അടിക്കുറിപ്പോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിമിഷ നേരം കൊണ്ട് തന്നെ ചിത്രം സമൂഹ മാധ്യമത്തിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ചിത്രം വൈറലായി മാറിയതോടെ നിരവധി പേരാണ് ഇതിന് പ്രതികരണവുമായി രംഗത്ത് വന്നത്. ചിലർ ഇത് ഒരു മോശം പ്രവണതയാണെന്ന് പറഞ്ഞ് വിമർശിച്ചപ്പോൾ മറ്റ് ചിലർ ഇതിനെ തമാശയായി മാത്രമാണ് കണ്ടത്. ജീവിതഭാരം ഇന്നത്തെ തലമുറയെ എത്രത്തോളം മാനസിക സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇതെന്നാണ് വലിയൊരു വിഭാഗം പറയുന്നത്.