പ്രതി പൂവൻകോഴി; ഉടൻ കസ്റ്റഡിയിൽ എടുക്കണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ; സംഭവം കൊച്ചിയില്‍
പ്രതി പൂവൻകോഴിയാണ് എന്ന് പറഞ്ഞാൽ അത് കേവലം ഒരു സിനിമയുടെ പേര് മാത്രമാണ് എന്ന് കുറച്ചു കാണരുത്. ഇവിടെ കൊച്ചിയിൽ ഒരു കേസിലെ പ്രധാന പ്രതി പൂവൻ കോഴിയാണ്. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടു വയസ്സുകാരനെ അയൽവാസിയുടെ പൂവന് കോഴി അക്രമിച്ചതായും കുട്ടിയുടെ മുഖത്തിനും തലയിലും പരിക്കേറ്റതായും പരാതി.
കുട്ടിയുടെ കരച്ചിൽ കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ അമ്മയാണ് ഒടുവിൽ പൂവൻകോഴിയിൽ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത്. നിലവിൽ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ പതിനെട്ടാം തീയതി രാവിലെയാണ് ഈ സംഭവം നടക്കുന്നത്. പൂവൻകോഴി ആക്രമണം നടത്തിയത്, മഞ്ഞുമ്മൽ മുട്ടാർ കടവ് റോഡിൽ കോൽപറമ്പിൽ കെ എ ഹുസൈൻ കുട്ടിയുടെ വീട്ടിലാണ്. ആക്രമണം നടത്തിയ കോഴി ഇവരുടെ അയൽവാസിയായ കടവിൽ ജലീൽ എന്ന വ്യക്തിയുടെതാണ്. പൂവൻകോഴിയുടെ ആക്രമണത്തിൽ പരുക്ക് പറ്റിയത് ഹുസൈൻ കുട്ടിയുടെ മകളുടെ കുട്ടിക്കാണ്. ഇതോടെ ജലീലിനെതിരെ ഹുസൈൻ കുട്ടി പോലീസിൽ പരാതിയുമായി എത്തി.
പൂവൻകോഴിയുടെ ആക്രമണത്തെ തുടർന്ന് കുട്ടി അഞ്ചു ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞതായും അതുകൊണ്ട് ആശുപത്രി ചിലവും നഷ്ട പരിഹാരവും നൽകണമെന്ന് ഹുസൈൻ കുട്ടി നൽകിയ പരാതിയിൽ പറയുന്നു. ആദ്യമായല്ല ഈ കോഴിയുടെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടാവുന്നത്. മുൻപും ഇത്തരത്തിൽ ജലീലിന്റെ കോഴി അയല്‍വാസിയെ ആക്രമിച്ചിരുന്നു . ജലീലിനോട് ഇതേക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും യാതൊരുവിധമായ നടപടിയും ഉണ്ടായിട്ടില്ല എന്നും പരാതിക്കാരൻ പറയുന്നു. അതേസമയം ഈ സംഭവവുമായി ബന്ധപ്പെട്ട് കോഴിയെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസ് എന്നാണ് ലഭിക്കുന്ന വിവരം.