ശമ്പളം ഒരു കോടി; പക്ഷേ ഒന്നും ചെയ്യാനില്ല; മുതലാളിക്കെതിരെ കേസ് കൊടുത്ത് ജീവനക്കാരൻ; വെറുതെ ഇരുന്ന് ശമ്പളം വാങ്ങാന്‍ മനസ്സനുവദിക്കുന്നില്ല
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ജോലി നൽകിയ മുതലാളി ക്കെതിരെ കേസ് ഫൈല്‍ ചെയ്തു ജീവനക്കാരൻ. കേൾക്കുമ്പോൾ സംഭവം തമാശയാണ് എന്ന് തോന്നുമെങ്കിലും സത്യമാണ്. അയർലണ്ടിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഫിനാൻസ് മാനേജര്‍ ആയ ഡർമൊട്ട് അലസ്റ്റർ മിൽസ് എന്ന ജീവനക്കാരനാണ് തന്റെ മേലധികാരിക്കെതിരെ കേസ് ഫയൽ ചെയ്തത്.
ഇയാൾക്ക് പ്രതിവർഷം ശമ്പളമായി ലഭിക്കുന്നത് 1.3 കോടി രൂപയാണ്. എന്നാല്‍ തന്‍റെ സ്ഥാപനത്തിലെ നിയമ വിരുദ്ധമായ പല കാര്യങ്ങളും കണ്ടെത്തി പുറം ലോകത്തെ അറിയിച്ചതോടെ തന്നെ ബോധപൂർവ്വം തൊഴിലിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ് മേലധികാരി എന്നാണ് മിൽസ് പറയുന്നത്. എല്ലാ ദിവസവും ഓഫീസിൽ എത്തുന്ന തനിക്ക് അവിടെ പ്രത്യേകിച്ചൊരു പണിയുമില്ല. ഓരോ ദിവസവും വരുന്ന പത്രങ്ങളും വായിച്ച് സഹപ്രവർത്തകരോട് സംസാരിച്ചു ഭക്ഷണവും കഴിച്ചു വെറുതെ സമയം കളയുകയാണ് ചെയ്യുന്നത്. ഇത് ബോധപൂർവമാണ്. കമ്പനി തന്നെ വെറുതെ ഇരുത്തി കഴിവുകൾ ഉപയോഗിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മിൽസ് പറയുന്നു. ആഴ്ചയിൽ മൂന്നു ദിവസം വീട്ടിലും രണ്ടു ദിവസം ഓഫീസിലും ആയിട്ടാണ് ഇയാളുടെ ജോലി.
ഓഫീസിൽ ജോലിയുള്ള ദിവസം രാവിലെ 10 മണിക്ക് തന്നെ ഇയാൾ ഓഫീസിൽ എത്തും. രണ്ടു പത്രവും ഒരു സാൻവിച്ചും വാങ്ങി ക്യാബിനിൽ കയറി കമ്പ്യൂട്ടർ ഓൺ ആക്കി അന്നത്തെ മെയിൽ ഓപ്പൺ ചെയ്തു നോക്കും. എന്നാൽ ജോലിയുമായി ബന്ധപ്പെട്ട ഒരു മെയിലും തന്നെ ഇൻബോക്സിൽ ഉണ്ടാവുകയില്ല. പിന്നീടുള്ള സമയം ഇരുന്ന് പത്രവും വായിച്ച് സോഷ്യൽ മീഡിയയിൽ ബ്രൗസ് ചെയ്ത് സമയം ചെലവഴിക്കും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം കുറച്ചു സമയം ഇയാൾ നടക്കാൻ പോകും. പിന്നീട് മൂന്നു മണിക്ക് തിരികെ ഓഫീസിൽ എത്തിയ ഇയാൾ കുറച്ചു സമയത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിപ്പോവുകയാണ് പതിവ്. ഏതായാലും മിൽസിന്റെ പരാതികമ്മീഷൻ ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വാദം കേട്ടതിനു ശേഷം തുടർനടപടികൾ ഉണ്ടാകും.