വിവാഹത്തലേന്ന് വരനുമൊത്ത് സെൽഫി എടുക്കുന്നതിനിടെ വധു 150 അടി താഴ്ചയുള്ള കോറിയിലെ കുളത്തിലേക്ക് വീണു; ചാടി രക്ഷപ്പെടുത്തി വരൻ
വിവാഹത്തിന്റെ തലേ ദിവസം കോറിയുടെ മുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ 150 അടി താഴ്ചയുള്ള പാറക്കുളത്തിൽ വധു കാല് വഴുതി വീണു . മുൻപിൻ നോക്കാതെ വരൻ വധുവിനെ രക്ഷിക്കാനായി എടുത്ത് ചാടി. ഒന്നര മണിക്കൂറിൽ അധികം നേരം അവര്‍ ഇരുവരും ഈ കുളത്തിൽ പെട്ടുപോയി. ഒടുവിൽ നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കൊല്ലം ചാത്തന്നൂർ സ്വദേശിയായ വിനു കൃഷ്ണനും വധു സാന്ദ്രയുമാണ് സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തിൽ പ്പെട്ടത്. ഇരുവരും തങ്ങളുടെ വിവാഹത്തിന്റെ തലേന്ന് വേളമാനൂർ കാട്ടു പുരത്തിന് സമീപത്തുള്ള അമ്പലത്തിൽ ദര്‍ശനം നടത്താന്‍ എത്തിയതായിരുന്നു. അമ്പലത്തില്‍ കയറി തൊഴുതതിന് ശേഷം ക്ഷേത്രത്തിന്റെ സമീപത്തുള്ള പാറക്കുളത്തിനോട് ചേർന്നുള്ള കോറിയുടെ മുകളിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. വധു ആയ സാന്ദ്ര കാൽ വഴുതി കുളത്തിലേക്ക് വീഴുക ആയിരുന്നു. ഇതോടെ രക്ഷിക്കാനായി ബിനു കുളത്തിലേക്ക് എടുത്ത് ചാടി. തുടർന്ന് സാന്ദ്രയുടെ വസ്ത്രത്തില്‍ പിടിച്ച് വലിച്ചടുപ്പിച്ചതിന് ശേഷം പാറയുടെ ഒരു വശത്ത് പിടിച്ചു കിടന്നു.
വിനുവിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. ഉടൻതന്നെ പോലീസിനെയും അഗ്നി രക്ഷാ സേനയെയും വിവരമറിയിച്ചു. നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെ പോലീസും അഗ്നിരക്ഷാ സേനയും സംഭവ സ്ഥലത്ത് എത്തി. ഇതിനിടെ പ്രദേശവാസികളായ രണ്ട് യുവാക്കൾ ചങ്ങാടത്തിൽ കുളത്തിലിറങ്ങി ഇരുവരെയും രക്ഷിച്ചു. പരിക്കു പറ്റിയ ഇരുവരെയും കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ വേണ്ടി വന്നതിനാൽ വിവാഹം മാറ്റിവച്ചതായി ബന്ധുക്കൾ അറിയിച്ചു.