പ്രതിഷേധിക്കുന്നവരോട് ഇറാൻ ഭരണകൂടം കാണിക്കുന്നത് കണ്ണില്ലാത്ത ക്രൂരത; മനുഷ്യരെ ജീവച്ഛവങ്ങളാക്കുന്നു; ലോകരാജ്യങ്ങൾ ഇടപെടണം
സർക്കാരിനും മത പോലീസിനെതിരെയുള്ള പ്രക്ഷോഭം ഇറാനിൽ തുടരുകയാണ്. മറ്റു സമരങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളാണ് ഈ സമരത്തിന് തുടക്കം കുറിച്ചതും അതിന്റെ മുന്നണിയിൽ നിന്ന് പോരാടുന്നതും. ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് മത പോലീസ് അറസ്റ്റ് ചെയ്ത 22 കാരി മഹ്സ അമിനിയുടെ മരണത്തെ തുടർന്നാണ് ഇറാനില്‍ പ്രക്ഷോഭം തുടങ്ങുന്നത്.
നിരവധി പേർ അറസ്റ്റ് ചെയ്യപ്പെട്ടു. പല സമര അനുകൂലികൾക്കും ജീവൻ നഷ്ടപ്പെട്ടു. എന്നിട്ടൊന്നും പ്രക്ഷോഭത്തിൽ നിന്ന് പിന്മാറാൻ ഇറാനിലെ ജനത തയ്യാറായില്ല. കഴിഞ്ഞ ദിവസം പുറത്തു വന്ന ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇറാനിലെ സുരക്ഷാസേന സ്ത്രീകളുടെ മുഖം, തുട , സ്തനങ്ങള്‍ എന്നിടങ്ങളിലാണ് വെടി ഉതിർക്കുന്നത്. സ്ത്രീകളുടെ നേർക്ക് ഭരണകൂടം കടുത്ത ക്രൂരതയാണ് കാട്ടുന്നത്. സ്ത്രീകൾ ആയതുകൊണ്ട് തന്നെ മനപ്പൂർവം ചെയ്യുന്നതാണ് ഇത് എന്നാണ് ഒരു പ്രമുഖ പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
തൊട്ടടുത്തു നിന്നും സ്ത്രീകളുടെ ഗുഹ്യ അവയവങ്ങൾ എയിം ചെയ്തുമാണ് വെടി സുരക്ഷാ സേന വെടി ഉതിർക്കുന്നത്. പുരുഷന്മാരുടെ കാലിലും പിൻഭാഗത്തും ആണ് കൂടുതലായി പരുക്ക് പറ്റിയിട്ടുള്ളത്. പരിക്കേറ്റ പെൺകുട്ടികളെ പരിശോധിച്ച ഡോക്ടർമാർ പറയുന്നത് ജനനേന്ദ്രിയത്തിലും തുടയ്ക്കുള്ളിലും ഗർഭപാത്രത്തിലും ഒക്കെയാണ് പെല്ലറ്റുകൾ തുളഞ്ഞു കയറിയിരിക്കുന്നത് എന്നാണ്. അതുകൊണ്ടുതന്നെ പലതും നീക്കം ചെയ്യുക അത്ര എളുപ്പമല്ല. സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്തമായാണ് പോലീസ് നേരിടുന്നത്. സാധാരണ സുരക്ഷാസേന പ്രക്ഷോഭകാരികൾക്ക് നേരെ വെടി ഉതിര്‍ക്കുമ്പോള്‍ കാലുകൾ മാത്രമാണ് ലക്ഷ്യം വയ്ക്കാറുള്ളത്. എന്നാൽ ഇതിൽനിന്ന് വിഭിന്നമായാണ് സുരക്ഷാ സേനയുടെ പെരുമാറ്റം. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഡോക്ടർമാർ പറയുന്നു.