എന്റെ ഖബറിൽ വന്ന് ആരും ഖുർആൻ വായിക്കരുത്; നല്ല സംഗീതം വച്ച് ആഘോഷിക്കണം; തൂക്കിലേറ്റുന്നതിന് മുമ്പ് യുവാവ് പങ്ക് വച്ച അവസാനത്തെ ആഗ്രഹം
ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് 23 കാരനായ മജിദ്ര രഹന വാദിയെ തൂക്കിലേറ്റിയിരുന്നു. ഇദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. ഇതിൽ ഇയാളോട് അവസാനത്തെ ആഗ്രഹം എന്താണ് എന്ന് ചോദിക്കുമ്പോൾ ഇയാൾ പറയുന്ന മറുപടി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായി. മാഷാദ് നഗരത്തിൽ വച്ചാണ് ഭരണകൂടം ഇദ്ദേഹത്തെ പരസ്യമായി തൂക്കിലേറ്റിയത്.
രണ്ടു സുരക്ഷാ ജീവനക്കാരെ കുത്തിക്കൊലപ്പെടുത്തുകയും നാല് സുരക്ഷ ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നതാണ് ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന്റെ വധ ശിക്ഷ നടപ്പാക്കുന്നത്. വധ ശിക്ഷ നടപ്പാക്കി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തു വന്നത്.
രണ്ട് കണ്ണുകളും മൂടിക്കെട്ടിയാണ് ഇയാൾ വീഡിയോയിൽ നിൽക്കുന്നത്. ഇയാളുടെ അടുത്തായി മുഖം മൂടി ധരിച്ചുകൊണ്ട് കാവൽക്കാരും ഉണ്ട്. ഇതിൽ അവസാനത്തെ ആഗ്രഹം എന്താണ് എന്ന് ചോദിക്കുമ്പോൾ ഇദ്ദേഹം പറയുന്നത് തന്റെ കുഴിമാടത്തിൽ എത്തി ആരും ദുഃഖം പ്രകടിപ്പിക്കേണ്ട കാര്യമില്ല എന്നാണ്. മാത്രമല്ല കുഴിമാടത്തിൽ എത്തുന്ന ആരും തന്നെ ഖുർആൻ വായിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യരുത് എന്നും പകരം നല്ല സംഗീതം വച്ച് വെച്ച് ആഘോഷിക്കണമെന്നും ഇദ്ദേഹം പറയുന്നു.
മജിദ്രസയുടെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ഇറാനിൽ വ്യാപകമായി പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ വധശിക്ഷയെ ഭരണകൂടം ന്യായീകരിച്ചു. ഇദ്ദേഹത്തെ തൂക്കിലേറ്റിയതിനു ശേഷം മാത്രമാണ് വിവരം കുടുംബാംഗങ്ങളെ അറിയിക്കുന്നതു പോലും. ഭരണകൂടത്തിന്റെ ഈ നടപടിയെ വിമർശിച്ചുകൊണ്ട് നിരവധി ലോക നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി.