കമ്മ്യൂണിസം ലോകം വലിച്ചെറിഞ്ഞ ചെമ്പു നാണയം; എല്ലാ കമ്മ്യൂണിസ്റ്റുകളും ക്രിമിനലുകളാണ്; കേരളത്തിന്റെ കാര്യം അറിയില്ല; ഐ എഫ് കെ ആദരിച്ച ബെലെ താർ പറയുന്നത്
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അവസാനിച്ച 27 മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സംസ്ഥാന സർക്കാരിൽ നിന്നും ഏറ്റുവാങ്ങിയത് പ്രശസ്ത ഹങ്കേറിയന്‍ സംവിധായകനായ ബേലാ താറാണ്. അദ്ദേഹത്തിന് പുരസ്കാരം നല്‍കിയത് സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവനാണ്. പുരസ്കാരം ഏറ്റുവാങ്ങിയതിനുശേഷം മാധ്യമം ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കമ്മ്യൂണിസം എന്ന ആശയത്തെ തന്നെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുണ്ടായി.
ലോകരാജ്യങ്ങൾ വലിച്ചെറിഞ്ഞ ചെമ്പ് നാണയം മാത്രമാണ് കമ്മ്യൂണിസം എന്ന് അദ്ദേഹം പറയുന്നു. തന്റെ രാജ്യം കമ്മ്യൂണിസത്തെ നെഞ്ചിൽ ആവാഹിച്ചിരുന്നു. ആ രാജ്യം തന്നെയാണ് കമ്മ്യൂണിസ്റ്റ് വെറുക്കാൻ തന്നെ പ്രേരിപ്പിച്ചത്.
16 വയസ്സുവരെ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു താൻ. എന്നാൽ പിന്നീട് താൻ ആരാധിച്ചവരൊക്കെ വ്യാജ കമ്മ്യൂണിസ്റ്റുകൾ ആണെന്ന് മനസ്സിലായതോടെ കമ്മ്യൂണിസം ഉപേക്ഷിക്കുകയായിരുന്നു താൻ എന്ന് അദ്ദേഹം പറയുന്നു.
ഇതുവരെ ഒരു കമ്മ്യൂണിസ്റ്റിനെയും കണ്ടിട്ടില്ല. എല്ലാ കമ്മ്യൂണിസ്റ്റുകളും ക്രിമിനലുകളാണ്. കമ്മ്യൂണിസ്റ്റുകാർ അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു മറയായാണ് കമ്മ്യൂണിസത്തെ ഉപയോഗിക്കുന്നത്. കമ്മ്യൂണിസവും മാര്സിസവും എന്താണെന്ന് അറിയാത്തവരാണ് കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഭൂരിഭാഗവും. എന്നാല്‍ കേരളത്തിലെ സ്ഥിതി എന്താണ് എന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസത്തിലൂടെയും സോഷ്യലിസത്തിലൂടെയും രക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തെ അറിയാമോ എന്ന് അദ്ദേഹം ചോദിക്കുന്നു. എല്ലാവരും ഒരുപക്ഷേ ചൈനയുടെ പേര് പറഞ്ഞേക്കാം. എന്നാൽ ചൈന ഒരു കമ്മ്യൂണിസ്റ്റ് രാജ്യമല്ല മുതലാളിത്ത രാജ്യം ആണ്. ചൈനയിലുള്ള രാഷ്ട്രീയ പാർട്ടികളുടെ ബാനറിൽ കമ്മ്യൂണിസം ഉണ്ടെങ്കിലും ഭരണകാര്യത്തില്‍ കമ്മ്യൂണിസം തീരെയില്ല.
പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളൊക്കെ ഇന്ന് കൊടിയ ദാരിദ്ര്യത്തിലാണ്. കമ്മ്യൂണിസ്റ്റുകളുടെ ആവേശമായി മാറിയ വെനിസ്വലയുടെയും ക്യൂബയുടെയും ഇന്നത്തെ സ്ഥിതി എന്താണെന്ന് എല്ലാവർക്കും അറിയാം. ഏകാധിപത്യം കമ്മ്യൂണിസത്തിന്റെ ഒപ്പം വരുന്നതാണ്. കമ്മ്യൂണിസ്റ്റുകാർ ഭരണത്തിൽ ഏറുന്നത് വരെ മത വിശ്വാസികളെ പ്രീണിപ്പിക്കും. അധികാരത്തിൽ എത്തിക്കഴിയുമ്പോൾ വിശ്വാസങ്ങളെ തള്ളിപ്പറയുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.