നാട് വിറങ്ങലിച്ചു നിന്ന കൂട്ട ബലാൽസംഗ കേസിന് 10 വയസ്സ്; രാജ്യം നിര്‍ഭയയുടെ ഓര്‍മയില്‍
രാജ്യം ഒന്നാകെ നടുങ്ങിപ്പോയ ഡൽഹി കൂട്ട ബലാൽസംഗ കേസിന് ഡിസംബർ 16നു 10 വയസ്സ് പൂർത്തിയായി. ഒരു പെൺകുട്ടിക്ക് നീതി കിട്ടുന്നതിന് വേണ്ടി രാജ്യം ഒറ്റക്കെട്ടായി നിന്നു പൊരുതി.
2012 ഡിസംബർ 16നാണ് രാജ്യത്തെ നടുക്കിയ ആ ക്രൂര കൊലപാതകം നടന്നത്. പിന്നീട് നിയമ പോരാട്ടത്തിന്റെ നാളുകള്‍. നീണ്ട ഏഴു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നിർഭയ കേസിലെ പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. തന്റെ സുഹൃത്തിന്റെ ഒപ്പം രാത്രിയിൽ ബസ് കാത്തു നിൽക്കുകയായിരുന്ന 26 കാരി ആയ മെഡിക്കൽ വിദ്യാർഥിനിയും സുഹൃത്തും അതുവഴി വന്ന പ്രൈവറ്റ് ബസ്സിൽ കയറി. അപ്പോൾ ആ ബസ്സിൽ ഡ്രൈവർ ഉൾപ്പെടെ ആറുപേരായിരുന്നു ഉണ്ടായിരുന്നത്. നിർഭയയുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ബസ്സിലുള്ളവർ മർദ്ദിച്ച് മൃത പ്രാണനാക്കി. പിന്നീട് ഈ സംഘം നിർഭയയെ അതിക്രൂരമായി ബലാൽസംഗം ചെയ്യുകയായിരുന്നു. ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ നിർഭയ ഡിസംബർ 29ന് മരണപ്പെട്ടു.
അന്നോളം രാജ്യം കണ്ടിട്ടില്ലാത്ത വലിയ പ്രക്ഷോഭമാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് ഉയർന്നു വന്നത്. ഇതോടെ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. അധികം വൈകാതെ തന്നെ പ്രതികൾ പോലീസ് പിടിയിലായി. ബസ് ഡ്രൈവർ ആയ രാംസിങ്, ഇയാളുടെ സഹോദരൻ മുകേഷ് സിംഗ് സുഹൃത്തുക്കളായ വിനയ് ശർമ , പവൻ ഗുപ്ത, അക്ഷയ് താക്കൂർ ഇവരെ കൂടാതെ പ്രായപൂർത്തി ആകാത്ത ഒരാൾ എന്നിവരായിരുന്നു ഈ കേസിൽ ഉൾപ്പെട്ടിരുന്നത്. പ്രതികളിൽ ഒരാളായ രാംസിങ് ജയിലിൽ വച്ച് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി മൂന്ന് വർഷത്തിനു ശേഷം ജയിൽ മോചിതനായി. ശേഷം ഇതിൽ ഉൾപ്പെട്ട നാല് പ്രതികളെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചു. എന്നിട്ടും നിരവധി ദയാ ഹർജികളും ഇവർക്ക് തൂക്കുകയർ ലഭിക്കാതിരിക്കാൻ കോടതിയുടെ സമക്ഷം വന്നു. ഒടുവിൽ 2020 മാർച്ച് 20ന് രാവിലെ 5:30ക്ക് ക്രൂരകൃത്യത്തിൽ ഉൾപ്പെട്ട നാല് പ്രതികളെയും രാജ്യം തൂക്കിലേറ്റി.