ഭാര്യയുടെ കെട്ടുതാലി വരെ വിറ്റ് രഞ്ജിത്തും പിതാവും ചേര്ന്ന് പണിതുയർത്തിയത് ഗ്രാമത്തിന്റെ സ്വപ്നമായ പാലം
ഒഡീഷയിലെ റായിഡ് ജില്ലയിലുള്ള ഗുഞ്ചരം പഞ്ചര എന്ന ഗ്രാമത്തിനു കുറുകെ ഒഴുകുന്ന നദിയാണ് ബിചല. ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും താമസിക്കുന്നത് ഈ നദിയുടെ അക്കരെ കരയിലാണ്. ഈ പ്രദേശത്തെ ഒരേയൊരു സർക്കാർ ആശുപത്രി സ്ഥിതി ചെയ്യുന്നത് ഇക്കരെ കരയിലും. നൂറോളം കുടുംബങ്ങളാണ് ഈ സർക്കാർ ആശുപത്രിയെ ആശ്രയിച്ച് ജീവിക്കുന്നത്. ആശുപത്രി മാത്രമല്ല പല പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് നദിക്ക് ഇക്കരയാണ്. എല്ലാ അടിയന്തര ഘട്ടത്തിലും ഗ്രാമവാസികൾക്ക് നദി മുറിച്ചു കടന്നേ മതിയാകൂ. പാലമില്ലാത്തത്തുകൊണ്ട് തന്നെ വളരെ പ്രയാസപ്പെട്ട് നദി മുറിച്ച് കടന്നാണ് ഗ്രാമവാസികൾ തങ്ങളുടെ പല ആവശ്യങ്ങളും നിറവേറ്റുന്നത്. ആശുപത്രി കേസുകൾ വരുമ്പോഴാണ് ശരിക്കും ഈ നാട്ടുകാർ ദുരിതമനുഭവിക്കുന്നത്. പാലം പണിതു തരാമെന്ന് ഇലക്ഷൻ വരുമ്പോൾ പറയുന്നത് ഒഴിച്ച് നിർത്തിയാൽ ആരും ഈ ഭാഗത്തോട്ട് തിരിഞ്ഞു നോക്കാറില്ല.
ഇതോടെയാണ് 26 വയസ്സ് മാത്രം പ്രായമുള്ള ആ ട്രക്ക് ഡ്രൈവർ ഒരു തീരുമാനമെടുത്തത്. മാറിമാറി വരുന്ന സർക്കാരുകളുടെ സഹായം തേടിയിട്ട് ഒരു കാര്യവുമില്ല. ഈ സത്യം തിരിച്ചറിഞ്ഞ് അദ്ദേഹം അതിനായി സ്വയം മുന്നിട്ടിറങ്ങി.
രഞ്ജിത്ത് നായക് എന്നാണ് ഈ ട്രാക്ക് ഡ്രൈവറിന്റെ പേര്. കാട്ടുകമ്പുകളും മുളയും മറ്റും ഉപയോഗിച്ച് പാലം നിർമ്മിക്കാനായിരുന്നു ഇദ്ദേഹം ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി ഇയാൾ പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ രഞ്ജിത്ത് പ്രതീക്ഷിച്ചതിനേക്കാൾ പ്രയാസമായിരുന്നു ഇത്. താനും പിതാവും മാത്രം കൂട്ടിയാൽ കൂടുന്നതായിരുന്നില്ല അതിന്റെ ചെലവുകൾ. കൂടുതൽ സമയവും ഉരുപ്പടികളും ഇതിന് ആവശ്യമാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതോടെ ഭാര്യയുടെ കെട്ടുതാലി ഉൾപ്പെടെയുള്ള ആഭരണങ്ങൾ വിൽക്കാൻ രഞ്ജിത്ത് തീരുമാനിച്ചു. അങ്ങനെ വിറ്റു കിട്ടിയ 75000 രൂപ കൊണ്ട് അദ്ദേഹം പാലം പണിയുന്നതിന് ആവശ്യമായ മര ഉരുപ്പടികൾ വാങ്ങി.
തുടർന്ന് ഇദ്ദേഹവും പിതാവും ചേർന്ന് പാലം പണി ആരംഭിച്ചു. കഴിഞ്ഞമാസം ഇവർ ഈ പാലം പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തു. മരത്തടികളും മുളകളും ഉപയോഗിച്ച് പണിതുയർത്തിയ പാലത്തിലൂടെ ആളുകൾക്ക് എളുപ്പത്തിൽ അക്കരയ്ക്ക് പോകാം. കുറച്ച് പ്രയാസപ്പെട്ട് ആണെങ്കിലും ബൈക്കുകൾക്കും ഈ പാലത്തിലൂടെ പോകാനാകും. ഗ്രാമവാസികളുടെ എല്ലാവരുടെയും സ്വപ്നം ആണ് രഞ്ജിത്തും പിതാവും ചേർന്ന് സാക്ഷാത്കരിച്ചത്.