ഇത് നമുക്കൊരു ശീലമാക്കിക്കൂടെ; ഇങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കേണ്ടത്; ഇതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി; മുരളി തുമ്മാരക്കുടി
ഇന്ത്യ ഫുട്ബോൾ വേൾഡ് കപ്പിൽ കളിക്കുന്നില്ലെങ്കിൽ കൂടി മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട രാജ്യങ്ങളുടെ വിജയങ്ങൾ ആഘോഷമാക്കിയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. അർജന്റീനക്കും ബ്രസീലിനും ജർമ്മനിക്കും വേണ്ടി കേരളത്തിൽ ജയ് വിളികൾ ഉയർന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം ഇത് റിപ്പോർട്ട് ചെയ്തു. മലയാളികളുടെ ഈ അവബോധത്തെ പ്രശംസിച്ചുകൊണ്ട് മുരളി തുമ്മാരക്കുടി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടി. തിരുവനന്തപുരത്ത് നടന്ന ഐ എഫ് എഫ് കെ യിൽ രാപകൽ വ്യത്യാസം ഇല്ലാതെ ഉണ്ടായ സ്ത്രീപുരുഷ സാന്നിധ്യത്തെയും അദ്ദേഹം പ്രശംസിച്ചു.
ഇത് നമുക്ക് ഒരു ശീലമാക്കിയാലോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഡിസംബറിൽ സന്തോഷം ഉണ്ടാകുന്ന രണ്ട് കാര്യങ്ങൾ കേരളത്തിൽ നടന്നു. ഒന്ന് തിരുവനന്തപുരത്ത് നടന്ന ഫിലിം ഫെസ്റ്റിവൽ ആണ്. അവിടെ പ്രദർശിപ്പിച്ച സിനിമകൾക്കും ഉണ്ടായ സംഭവങ്ങൾക്കും അപ്പുറം ഏറെ ആകർഷിച്ചത് ഒരാഴ്ചത്തേക്ക് തിരുവനന്തപുരത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ ആണും പെണ്ണും വ്യത്യാസമില്ലാതെ ചെറുപ്പക്കാരും പ്രായമായവരും എന്ന വ്യത്യാസമില്ലാതെ സൗഹൃദങ്ങളുടെ ആഘോഷമായിരുന്നു എന്നതാണ് എന്ന് അദ്ദേഹം പറയുന്നു. ഇത് നടന്നത് തിരുവനന്തപുരത്ത് ആയതുകൊണ്ട് സർക്കാർ പരിപാടി ആയതുകൊണ്ട് ആകാം ഒരു സദാചാര കമന്റും കണ്ടില്ല. ഒരു മയക്കുമരുന്ന് ആരോപണവും ഉണ്ടായില്ല.
അതിനുശേഷം ഏറെ ആകർഷിച്ച ഒന്നാണ് ലോകകപ്പ്. നമ്മൾ സാധാരണ നമ്മളെ വിഭജിക്കാൻ ഉപയോഗിക്കുന്ന ഒരു മാനദണ്ഡങ്ങൾ ആണ് ജാതി, മതം, തെക്ക്, വടക്ക് , രാഷ്ട്രീയം, ലിംഗം , പ്രായം , സമ്പത്ത് , വിദ്യാഭ്യാസം എന്നിവ. എന്നാൽ അതൊന്നും വിഷയമാക്കാതെ മനുഷ്യരെല്ലാവരും ഒന്നുപോലെ ഇത്തവണത്തെ സീസൺ ആഘോഷമാക്കി. ഗ്രാമങ്ങളും നഗരങ്ങളും വ്യത്യാസമില്ലാതെ രാവുകൾ പകലുകൾ ആയി മാറി. ചില ഒറ്റപ്പെട്ട ആക്രമണങ്ങൾ ഒഴിച്ച് നിർത്തിക്കഴിഞ്ഞാൽ മയക്കുമരുന്ന് ആരോപണങ്ങളോ സദാചാര പോലീസിംഗോ ഒന്നും ഉണ്ടായില്ല. ശരിക്കും ഇങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് 2023 മുതൽ ഫെസ്റ്റിവലും ഫുട്ബോളും വരാൻ നോക്കിയിരിക്കാതെ ഇത് ഒരു ശീലമാക്കാൻ പറ്റണം. അങ്ങനെ പറ്റും എന്നാണ് താൻ കരുതുന്നത്. താൻ സ്വപ്നം കാണുന്ന കിനാശേരി അതാണെന്നും മുരളി തുമാരക്കുടി കുറച്ചു.