ഒരാളെ കുറ്റവാളി ആക്കിയിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളത്; എന്തിന് ഭാര്യ മരിച്ച വിഷമത്തിൽ കഴിയുന്ന ആ മനുഷ്യനെ വീണ്ടും ക്രൂശിക്കുന്നു; ആര്യൻ നിഷാദ്
കഴിഞ്ഞ ദിവസമാണ് പ്രമുഖ സ്റ്റേജ് ആർട്ടിസ്റ്റും ടെലിവിഷൻ കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തത്. ഈ സംഭവം ദുരൂഹമാണെന്നും ഉല്ലാസിന് ഈ മരണത്തിൽ ബന്ധമുണ്ട് എന്ന തരത്തിലും പല പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നു. നടനെതിരെ വിവിധ കോണുകളിൽ നിന്നും സൈബർ ആക്രമണം പോലും ഉണ്ടായി. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഷോർട്ട് ഫിലിം തിരക്കഥാകൃത്തും സംവിധായകനുമായ ആര്യൻ നിഷാദ്.
ഒരാളെ കുറ്റവാളി ആക്കിയിട്ട് എന്ത് നേട്ടമാണ് ഉള്ളത് എന്ന് അദ്ദേഹം ചോദിക്കുന്നു. ‘അവനെ പിടിച്ചു രണ്ടു പൊട്ടിച്ചാൽ സത്യം പുറത്തുവരും’ ‘അവൻ ഒരു കുടിയനാണ്’ ‘അവിഹിതമുണ്ട്’ ‘ കലാലോകമല്ലേ ഇതല്ല ഇതിനപ്പുറവും നടക്കും’. ഉല്ലാസിന്റെ ഭാര്യ മരിച്ചത് മുതൽ സമൂഹമാധ്യമത്തിലും ഓൺലൈൻ ചാനലുകളും സദാചാര ജഡ്ജികളും അദ്ദേഹത്തെ മനപ്പൂർവ്വം കുറ്റവാളിയാക്കാൻ ശ്രമിക്കുകയാണ്. നഷ്ടപ്പെട്ടതിന്റെ വേദന നഷ്ടപ്പെട്ടവന് മാത്രം സ്വന്തമാണെന്ന് ആര്യൻ പറയുന്നു.
മരണത്തിൽ അവരുടെ കുടുംബത്തിന് ഒരു ദുരൂഹതയും തോന്നിയിട്ടില്ല. ആരും പോലീസിൽ പരാതി പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് ഉല്ലാസ് കുറ്റവാളി ആയതെന്ന് ആര്യൻ ചോദിക്കുന്നു. ഓൺലൈൻ ചാനലുകൾക്ക് റീച്ച് ഉണ്ടാക്കാൻ വേണ്ടി ഇത്തരത്തിലുള്ള വാർത്തകൾ പടച്ചു വിടുകയും അത് കണ്ട് സ്വയം ന്യായാധിപരാവുകയും ചെയ്യുന്ന സോഷ്യൽ മീഡിയ ജഡ്ജുകൾ മനസ്സിലാക്കണം അദ്ദേഹം ഒരു മനുഷ്യനാണ്. എല്ലാം നേരിൽ കണ്ടതുപോലെ പ്രതികരിക്കുന്ന ഇത്തരക്കാർ സത്യാവസ്ഥ അറിയാതെ ആരുടെയെങ്കിലും മേൽ കുറ്റം ചാർത്താനുള്ള ഇടമാണോ സോഷ്യൽ മീഡിയ. ഭാര്യ മരിച്ച മനുഷ്യനെ എന്തിനാണ് ഇങ്ങനെ ക്രൂശിക്കുന്നത്. അതിൽ നിന്നും എന്ത് സന്തോഷമാണ് ലഭിക്കുന്നത്. അദ്ദേഹം എല്ലാവരെയും ചിരിപ്പിക്കുന്ന കലാകാരനാണ്. ഒരു സാധാരണ മനുഷ്യനാണ്. അദ്ദേഹത്തിന് വിഷമം ഉണ്ടാകും. അദ്ദേഹവും ഇവിടെ ജീവിക്കട്ടെ, താന് ഉല്ലാസിന്റെ വേദനയിൽ താനും പങ്കുചേരുന്നുവെന്ന് ആര്യൻ കുറിച്ചു.