99 ആം വയസ്സിൽ അയ്യനെ കാണാൻ ദേവു അമ്മ; ജ്യേഷ്ഠനെ തോളിലേറ്റി അനിയൻ; പ്രായത്തെയും പരിമിതിയെയും തോൽപ്പിക്കുന്ന ഭക്തി
പലരും അയ്യനെ കാണാൻ മല കയറുന്നത് പല പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ്. ശരണമന്ത്രം പകർന്നു നൽകുന്ന കരുത്തിലാണ് ഓരോ ചുവടും. ശരീരം തളർന്നിരിക്കാം, പ്രായാധിക്യം ബാധിച്ചിരിക്കാം, പക്ഷേ അതൊന്നും ഭക്തി നിറഞ്ഞു തുളുമ്പുന്ന മനസ്സിനെ തെല്ലും ബാധിച്ചിട്ടില്ല. അയ്യന്റെ മണ്ണിൽ കാലു കുത്തുമ്പോൾ പകർന്നു കിട്ടുന്നനിര്‍വൃതിയില്‍ അവർ വീണ്ടും വീണ്ടും അയ്യപ്പ സന്നിധിയിലേക്ക് യാത്ര ചെയ്യുന്നു.
കറ കളഞ്ഞ ഭക്തിയുടെ പ്രതിരൂപങ്ങളാണ് 99 ആം വയസ്സിൽ പതിനെട്ടാം പടി കയറാൻ എത്തിയ ദേവൂ അമ്മയും, ജേഷ്ഠനെയും തോളിലേറ്റി അയ്യപ്പ സന്നിധിയിൽ എത്തുന്ന അനുജൻ രാം നായിക്കും.
പോളിയോ ബാധിച്ചാണ് ആന്ധ്ര സ്വദേശിയായ രവി നായികിന്റെ രണ്ട് കാലുകളും തളർന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മലക്ക് പോകുന്നത് കണ്ടാണ് രവി നായിക്കിനും പുണ്യ മല ദർശിക്കണം എന്ന മോഹം ഉദിക്കുന്നത്. ഇതോടെ ജേഷ്ഠന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് അനുജൻ രാം നായിക്ക് സഹായവുമായി എത്തി. 40 ദിവസം നീണ്ട കഠിന വൃദത്തിന് ശേഷമാണ് ഇരുവരും അയ്യപ്പനെ കാണാൻ മല കയറിയത്. ഈ യാത്രയിൽ ഉടനീളം ജ്യേഷ്ഠന്‍ അനുജന്‍റെ തോളിൽ ആയിരുന്നു യാത്ര ചെയ്തത്. പമ്പയിൽ നിന്നും ഡോളിയിൽ മലകയറാൻ ആഗ്രഹമുണ്ടായിരുന്നു എങ്കിലും 6500 എന്ന കൂലി രവി നായിക്കിനും സഹോദരനും താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇതോടെയാണ് അനുജന്റെ ചുമലിൽ മല കയറി അയ്യനേ കാണാൻ പോകുന്നത്.
99 കാരിയായ ദേവു അമ്മയുടെ 25ആമത്തെ മലകയറ്റമാണ്. എല്ലാ മണ്ഡലകാലം എത്തുമ്പോഴും അവർ തന്റെ വസ്ത്രം മാറും. പിന്നീടങ്ങോട്ട് ഭക്തിയുടെ ദിവസങ്ങളാണ്. ഇത്തവണ 30 അംഗ അയ്യപ്പ സംഘത്തിന്റെ ഒപ്പം ഗുരുസ്വാമി ആയിട്ടാണ് ദേവൂ അമ്മ എത്തിയത്. പതിവുപോലെ ഇത്തവണയും നീലിമല നടന്നു കയറിയാണ് ദേവു അമ്മ അയ്യനെ കണ്ടത്.