മദ്യമില്ലാതെ മലയാളിക്ക് എന്ത് ആഘോഷം; ക്രിസ്മസ് ദിനം കേരളം കുടിച്ചുതീർത്തത് 229 കോടിയുടെ മദ്യം; ഇത്തവണ ഒന്നാമതെത്തിയത് ഈ ജില്ലക്കാർ
മലയാളിക്ക് എന്ത് ആഘോഷം ഉണ്ടെങ്കിലും മദ്യം ഇല്ലാതെ അത് പൂർണ്ണമാകില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽ വിശേഷ ദിവസങ്ങളിൽ മദ്യ വില്പന വളരെ കൂടുതലാണ്. ക്രിസ്മസ് ദിനത്തിൽ 52.3 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റ് വഴി വില്പന നടത്തിയത്. കഴിഞ്ഞ വർഷം ഇത് 54.8 2 കോടിയായിരുന്നു. ഇത്തവണ ക്രിസ്മസ് തലേന്ന് 89.9 2 കോടിയുടെ മദ്യം വിറ്റപ്പോള്‍ കഴിഞ്ഞ വർഷം അത് 90.3 കോടി ആയിരുന്നു.
എന്നാല്‍ ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് നടന്ന മദ്യ വില്പന കഴിഞ്ഞ വർഷത്തെക്കാൾ വളരെ കൂടുതലാണ് ഇത്തവണ. ആകെ 229 കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 215 കോടി രൂപയായിരുന്നു. ഓരോ വർഷവും കഴിയുംതോറും മലയാളികളുടെ മദ്യഉപഭോഗം കൂടിവരുന്നു എന്നതിനുള്ള പ്രധാന ഉദാഹരണമാണ് ഇത്. അടുത്തിടെ മദ്യത്തിന് രണ്ട് ശതമാനം വില വര്‍ദ്ധിപ്പിച്ചിരുന്നു. പക്ഷേ ആ വിലവർധനവൊന്നും തന്നെ വിൽപ്പനയെ സാരമായി ബാധിച്ചില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
ഇത്തവണ കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യ വില്പന നടന്ന ജില്ല കൊല്ലമാണ്. കൊല്ലം ജില്ലയിലെ ആശ്രമം ഔട്ട്ലെറ്റിലാണ് കൂടുതൽ വില്പന
രേഖപ്പെടുത്തിയത്. ഇവിടെ മാത്രം 68.48 ലക്ഷം രൂപയുടെ വില്പന നടന്നു. തൊട്ടുപിന്നിൽ തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റ് ആണ്. ഇവിടെ 65.7 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്. മൂന്നാം സ്ഥാനത്തുള്ളത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റ് ആണ്. 61.41 ലക്ഷം രൂപയുടെ മദ്യ വില്പനയാണ് ഇവിടെ നടന്നത്. റം വിഭാഗത്തിൽപ്പെട്ട മദ്യമാണ് ഏറ്റവും കൂടുതൽ വിറ്റഴിച്ചത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.