മകന്റെ പിതൃത്വത്തെ ചൊല്ലി ഭര്‍ത്താവിന് സംശയം; ഒടുവിൽ കമ്മീഷന്‍ ഇടപെട്ട് കുടുംബ പ്രശ്നം പരിഹരിച്ചത് ഇങ്ങനെ
മകന്റെ പിതൃത്വത്തെ ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം ഉണ്ടായ സംഭവത്തിൽ വനിതാ കമ്മീഷന്റെ ഇടപെടൽ. ഡി എൻ എ പരിശോധന നടത്തി കുട്ടിയുടെ പിതാവ്, ഭർത്താവ് തന്നെയാണെന്ന് കണ്ടെത്തി. കുടുംബ പ്രശ്നം പരിഹരിച്ച വിവരം കമ്മീഷൻ ചെയർപേഴ്സൺ ആയ അഡ്വക്കേറ്റ് പി സതീദേവിയാണ് അറിയിച്ചത്. മലപ്പുറത്ത് ചേർന്ന വനിതാ കമ്മീഷൻ സിറ്റിംഗിൽ ആണ് അദാലത്തിന്റെ വിശദമായ വിവരങ്ങൾ സതീദേവി വിവരിച്ചത്.
പരിശോധന നടത്തുന്നതിന് വേണ്ടെ സാമ്പത്തിക സഹായം ചെയ്തു കൊടുത്തത് വനിതാ കമ്മീഷനാണ്. ഭാര്യ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോൾ മുതലാണ് ഭർത്താവിന് സംശയം തോന്നിയത്. ഇതോടെ ഇരുവരും ഒരുമിച്ച് താമസിക്കുന്നത് അവസാനിപ്പിച്ചു. മറ്റ് നിവർത്തിയില്ലാതെ ഭാര്യ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് താമസം മാറി. ശേഷം വനിതാ കമ്മീഷന് പരാതി സമർപ്പിക്കുകയായിരുന്നു. ഒടുവിൽ ഭർത്താവിനെ വിളിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് രണ്ടാമത്തേത് തന്റെ കുട്ടിയാണെന്ന് തെളിഞ്ഞാൽ അമ്മയെയും കുട്ടിയും സ്വീകരിക്കാം എമെന്നാണ്. അല്ലാത്ത പക്ഷം തനിക്ക് ഭാര്യയെയും കുട്ടിയെയും തന്റെ ഒപ്പം താമസിക്കാൻ താല്പര്യമില്ല എന്നും ഇയാൾ അറിയിച്ചു. ഇതോടെയാണ് ഡിഎൻഎ പരിശോധന നടത്താം എന്ന് വനിതാ കമ്മീഷൻ അറിയിച്ചത്. ഇതിനായി രാജീവ് ഗാന്ധി സെൻട്രൽ ഫോർ ബയോ ടെക്നോളജിയിലേക്ക് ദമ്പതികളെ അയച്ചതും വനിതാ കമ്മീഷൻ തന്നെയാണ്.
ഈ പരാതി ഉൾപ്പെടെ 13 അധികം പരാതികളാണ് ഇക്കഴിഞ്ഞ അദാലത്തിൽ വനിതാ കമ്മീഷൻ തീർപ്പാക്കിയത്. കമ്മീഷന്റെ പരിഗണനയിൽ 51 പരാതികൾ ലഭിച്ചു. ഇതിൽ ആറെണ്ണത്തിൽ കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
ദാമ്പത്യം മികച്ചതാക്കുന്നതിന് ബോധവൽക്കരണം അത്യാവശ്യമാണ്,കുടുംബ ജീവിതത്തെ കുറിച്ചുള്ള ധാരണ ഓരോ ദമ്പതികള്‍ക്കും ഉണ്ടാകണമെന്നും വനിതാ കമ്മീഷന്‍ ചെയർപേഴ്സൺ സംസാരിക്കവേ പറഞ്ഞു.