എട്ട് മാസംകൊണ്ട് ജിതേന്ദ്ര കുറച്ചത് 46 കിലോഗ്രാം; പുത്തൻ മേക്കോവർ കണ്ട് ഞെട്ടിത്തരിച്ചു സഹപ്രവർത്തകർ; അത്ഭുതമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ
അമിതഭാരം , വണ്ണം എന്നിവ എല്ലായിപ്പോഴും ഒരു തലവേദന തന്നെയാണ്. ഇതിൻറെ പേരിൽ പലപ്പോഴും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടതായി വരും. പരിഹാസം എല്ലാ പരിധിയും വിടുന്നതോടെ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഭക്ഷണ കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ഇവിടെ ഇതാ അമിതമായ വണ്ണം മൂലം അസുഖങ്ങൾ ഒരു സ്ഥിരം ശല്യമായി മാറിയതോടെ ഞെട്ടിക്കുന്ന മേക്കവർ നടത്തിയിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ.
ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ആയ ജിതേന്ദ്ര മണിയാണ് തൻറെ നിശ്ചയദാർഢ്യം കൊണ്ട് ശരീരം ആകർഷണീയമായി പരുവപ്പെടുത്തിയത്. വെറും എട്ടു മാസം കൊണ്ടാണ് ഇദ്ദേഹം 46 കിലോഗ്രാം ഭാരം കുറച്ചത്.
136 കിലോ ആയിരുന്നു അദ്ദേഹത്തിൻറെ വെയിറ്റ്. അമിതഭാരം മൂലം രക്തസമ്മർദ്ദം , പ്രമേഹം , കൊളസ്ട്രോൾ തുടങ്ങി വിവിധ രോഗങ്ങൾ ജിതേന്ദ്രയെ അലട്ടിയിരുന്നു. ഇതോടെയാണ് ഭാരം കുറയ്ക്കാം എന്ന ഉറച്ച തീരുമാനത്തിലേക്ക് ഇദ്ദേഹം എത്തുന്നത്. തുടർന്നങ്ങോട്ടുള്ള ദിവസങ്ങൾ കടുത്ത നിയന്ത്രണത്തിന്റേതായിരുന്നു. തന്റെ ജീവിതശൈലി അടിമുടി മാറ്റി. പ്രതിദിനം 15,000 അടി നടക്കുന്നത് പതിവാക്കി. കാർബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി. ഭക്ഷണ ക്രമത്തിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും ഇടം നൽകി.
കഴിഞ്ഞ എട്ടു മാസം കൊണ്ട് 32 ലക്ഷം സ്റ്റെപ്പുകൾ ആണ് ഇദ്ദേഹം നടന്നത്. ഇതിനോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലവും ഇദ്ദേഹം തുടർന്നുപോന്നു. ചിട്ടയായ ജീവിതശൈലി പിന്തുടർന്നതോടെ അരവണ്ണത്തിൽ നിന്ന് 12 ഇഞ്ചാണ് കുറഞ്ഞത്. എട്ടുമാസം കൊണ്ട് 46 കിലോ അങ്ങനെ ജിതേന്ദ്ര മണി കുറച്ചു. ഇന്ന് അദ്ദേഹത്തിൻറെ ഭാരം 84 കിലോഗ്രാം ആണ്. ജിതേന്ദ്രയുടെ ഈ രൂപമാറ്റം പോലീസ് സേനയെ ഉൾപ്പെടെ പ്രചോദിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ട് പ്രത്യേക സർട്ടിഫിക്കറ്റും പോലീസ് കമ്മീഷണർ നൽകി.