മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവത്തിൽ നിന്നും ബിരിയാണി പുറത്തായി; 2022ല്‍ ഭക്ഷണ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം ഏതാണെന്നറിയാമോ
കഴിഞ്ഞ കുറച്ചു നാളുകളായി ഹോട്ടലുകളിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്ന ഭക്ഷണ വിഭവം ബിരിയാണിയാണ്. ബിരിയാണി തന്നെ പല ചേരുവകൾ ചേർത്തതുണ്ട്. ചിക്കൻ , ബീഫ് , മട്ടൻ , ചെമ്മീൻ അങ്ങനെ പലതരം ബിരിയാണികൾ റസ്റ്റോറന്റുകളിൽ ലഭ്യമാണ്. ഇതില്‍ തന്നെ വേറെയും അനവധി വെറൈറ്റികളുണ്ട്. അതുകൊണ്ട് തന്നെ 2022ൽ ഏറ്റവും അധികം ആളുകൾ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി ആണ് എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. വ്യത്യസ്തമായ രുചിഭേദങ്ങളുടെ തലതൊട്ടപ്പനായ ബിരിയാണിയെ കടത്തിവെട്ടി ഈ വർഷം ഏറ്റവും കൂടുതൽ ആളുകള്‍ ഓർഡർ ചെയ്തത് മറ്റൊരു ഭക്ഷണ വിഭവമാണ്. മലയാളിയുടെ ദേശീയ ഭക്ഷണം എന്ന പേരിൽ അറിയപ്പെടുന്ന പൊറോട്ടയാണ് ബിരിയാണി യെക്കാൾ സ്വീകാര്യമായ വിഭവം. പറയുന്നത് പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി ആണ്. അവർ ഇത് വെറുതെയങ്ങ് പറയുന്നതല്ല. കണക്കുകളുടെ അടിസ്ഥാനത്തിലാണ് പൊറോട്ടയാണ് 2022ഇൽ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത ഭക്ഷണ വിഭവം എന്ന് അവര്‍ പറയുന്നത്.
25 ലക്ഷത്തോളം പൊറോട്ടകൾക്കുള്ള ഓർഡറാണ് സ്വിഗ്ഗിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ചിക്കൻ ബിരിയാണിക്ക് 4.27 ലക്ഷം ഓർഡറാണ് ലഭിച്ചത്. 2.61 ലക്ഷം ഓർഡറുമായി ഇടിയപ്പം മൂന്നാം സ്ഥാനത്തുണ്ട്. 5 ആം സ്ഥാനത്തുള്ളത് മസാല ദോശയാണ്.
മൈദ കൊണ്ട് നിർമ്മിക്കുന്ന ഭക്ഷണ വിഭവമായതുകൊണ്ട് പോഷക സമ്പുഷ്ടമല്ല എന്ന പേരുദോഷം പൊറോട്ടയ്ക്ക് ഉണ്ട്. എന്നിരുന്നാലും മലയാളികൾ പ്രഭാത ഭക്ഷണമായി പോലും കൂടുതൽ ആവശ്യപ്പെടുന്നത് പൊറോട്ടയാണ്. പ്രതിദിനം 700 മുതൽ 800 പൊറോട്ട വരെ വിറ്റു പോകാറുണ്ട്. പൊറോട്ടയുടെ ഒപ്പം കൂടുതലായി ആൾക്കാർ ആവശ്യപ്പെടുന്നത് ബീഫ് കറിയും ചിക്കൻ കറിയും ആണ്.